തിരുവനന്തപുരം: കർശന നിയന്ത്രണങ്ങൾക്ക് വിധേയമായിട്ടായിരുന്നു 14 കേന്ദ്രങ്ങളിലായി നടന്ന വോട്ടെണ്ണൽ. ഇതിൽ 10 മണ്ഡലങ്ങളുടെ വോട്ടുകൾ നാലാഞ്ചിറ മാർ ഇവാനിയോസ് നഗറിലെ വിവിധ കേന്ദ്രങ്ങളിലും നാലെണ്ണം പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസ് (വട്ടിയൂർക്കാവ് മണ്ഡലം), മണക്കാട് ജി.എച്ച്.എസ്.എസ് (തിരുവനന്തപുരം), ലയോള സ്‌കൂൾ(കഴക്കൂട്ടം), കോട്ടൺഹിൽ ജി.എച്ച്.എസ്.എസ്.(നേമം) എന്നിവിടങ്ങളിലുമാണ് നടന്നത്. പോസ്റ്റൽ ബാലറ്റ് എണ്ണിത്തുടങ്ങി അരമണിക്കൂറിന് ശേഷമാണ് ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ വോട്ടെണ്ണൽ ആരംഭിച്ചത്. നിയമസഭാമണ്ഡലങ്ങളിൽ നിയോഗിച്ചിട്ടുള്ള വരണാധികാരികളുടെ പൂർണ നിയന്ത്രണത്തിലായിരുന്നു വോട്ടെണ്ണൽ. വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ സുരക്ഷയ്ക്ക് വലിയ തോതിലുള്ള പൊലീസ് സുരക്ഷ സജ്ജമാക്കിയിരുന്നു. ഒരിടത്തും കൂട്ടംകൂടലുകളോ ആഹ്ളാദ പ്രകടനങ്ങളോ അനുവദിച്ചതുമില്ല.