ramesh-parambath

മാഹി: 2016 ലെ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി ഡോ. വി. രാമചന്ദ്രനെ രംഗത്തിറക്കി, പുതുച്ചേരി രാഷ്ട്രീയത്തിലെ മുടിചൂടാമന്നനായിരുന്ന ഇ. വത്സരാജിൽ നിന്നും ഇടതുമുന്നണി അപ്രതീക്ഷിത വിജയം കൈവരിച്ച മാഹി മണ്ഡലം, വത്സരാജിന്റെ ഉറ്റ അനുയായിയായ രമേശ് പറമ്പത്തിലുടെ തിരിച്ചുപിടിച്ചത് യു.ഡി.എഫിന് വിജയത്തിന്റെ ഇരട്ടി മധുരമായി.
മൂന്ന് പതിറ്റാണ്ടു കോൺഗ്രസിന്റെ കൈ വെള്ളയിലായിരുന്ന ഈ മണ്ഡലം കൈവിട്ടു പോയത് കോൺഗ്രസിനെ തെല്ലൊന്നുമല്ല ക്ഷീണിപ്പിച്ചിരുന്നത്. ബ്ലോക്ക് കോൺഗ്രസ് അദ്ധ്യക്ഷനും, മുൻ നഗരസഭാ ചെയർമാനുമായ രമേശ് പറമ്പത്ത് യു.ഡി.എഫിന് നിർത്താൻ പറ്റുന്നതിൽ ഏറ്റവും അർഹനായ സ്ഥാനാർത്ഥിയായിരുന്നു.
നാല് പതിറ്റാണ്ടിലേറെ മയ്യഴിയുടെ രാഷ്ട്രീയ-സാമൂഹ്യ രംഗത്തെ നിറസാന്നിദ്ധ്യമാണ് രമേഷ്. സ്‌കൂൾ ലീഡറായി സംഘടനാ പ്രവർത്തനമാരംഭിച്ച രമേഷ്, രണ്ട് തവണ മാഹി ഗവ. കോളജ് യൂണിയന്റെ ചെയർമാനായിരുന്നു. കെ.എസ്.യുവിന്റേയും പിന്നീട് യൂത്ത് കോൺഗ്രസിന്റേയും മാഹി മേഖലാ പ്രസിഡന്റായിരുന്നു. പുതുച്ചേരി കോൺഗ്രസ് ഡി.സി.സി. മെമ്പറാണ്. നിരവധി സംഘടനകളുടെ സാരഥിയായ രമേശ്, മാഹി ഹൗസിംഗ് കോ ഓപ്പറേറ്റീവ് സൊസൈറ്റി, മാഹി ട്രാൻസ്‌പോർട്ട് കോ ഓപ്പ് സൊസൈറ്റി എന്നിവയുടെ പ്രസിഡന്റും, മാഹി കോ ഓപ്പ്. ഇൻഫർമേഷൻ ടെക്‌നോളജി, മാഹി ഹോർട്ടികൾച്ചർ സൊസൈറ്റി, മാഹി ലേബർ കോൺട്രാക്ട് സൊസൈറ്റി എന്നിവയുടെ ഡയറക്ടറുമാണ്. മൂന്നര പതിറ്റാണ്ടിന് ശേഷം 2006ൽ മാഹിയിൽ നടന്ന നഗരസഭാ തിരഞ്ഞെടുപ്പിൽ ചെയർമാനുമായി. പള്ളൂരിലെ പ്രമുഖ കർഷക തറവാട്ടിൽ, പറമ്പത്ത് കണ്ണന്റയും കെ. ഭാരതിയുടേയും മകനാണ്. ഭാര്യ: സയന, മക്കൾ: യദുകുൽ, ആനന്ദ് റാം.