മുക്കം: സംസ്ഥാനത്ത് ഇടതു തരംഗം ആഞ്ഞുവീശിയപ്പോൾ തിരുവമ്പാടി ചുവന്നു തുടുത്തു. പ്രതീക്ഷയിൽ കവിഞ്ഞ മുന്നേറ്റമാണ് തിരുവമ്പാടിയിൽ എൽ.ഡി.എഫിന് ഉണ്ടായത്. 6 പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയും ഉൾപ്പെടുന്ന തിരുവമ്പാടി മണ്ഡലത്തിൽ മുക്കം മുൻസിപ്പാലിറ്റിയും കൂടരഞ്ഞി പഞ്ചായത്തും മാത്രമാണ് എൽ.ഡി.എഫ് ഭരണത്തിലുള്ളത്. യു.ഡി.എഫ് കോട്ടയെന്ന് കരുതുന്ന തിരുവമ്പാടിയിൽ അനായാസ വിജയമാണ് അവർ കണക്ക് കൂട്ടിയിരുന്നത്. വെൽഫെയർ പാർട്ടിയുടെ പിന്തുണയും മറ്റു ചില സംഘടനകളുമായുള്ള രഹസ്യ ബന്ധവും അവരുടെ പ്രതീക്ഷയ്ക്ക് നിറമേകി. എന്നാൽ ഫലം വന്നപ്പോൾ എല്ലാ പ്രതീക്ഷകകളും കണക്കുകൂട്ടലുകളും മറികടന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി ലിന്റോ ജോസഫ്
4663 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
ലിന്റോ ജോസഫിന് 67,867 വോട്ട് ലഭിച്ചപ്പോൾ തൊട്ടടുത്ത എതിർ സ്ഥാനാർത്ഥി യു.ഡി.എഫിലെ സി.പി. ചെറിയ മുഹമ്മദിന് (മുസ്ലിംലീഗ്) 63,224 വോട്ടാണ് ലഭിച്ചത്. എൻ.ഡി.എ സ്ഥാനാർത്ഥി ബേബി അമ്പാട്ട് നേടിയത് 7794 വോട്ട്.
മലയോര ജനത സംസ്ഥാന സർക്കാരിന്റെ ഭരണ നേട്ടങ്ങളും മുൻ എം.എൽ.എ ജോർജ് എം. തോമസ് തിരുവമ്പാടിയിൽ കണക്കിലെടുത്തതിനൊപ്പം യുവാവായ സ്ഥാനാർത്ഥിയിൽ പ്രതീക്ഷ അർപ്പിക്കുകയും ചെയ്തതാണ് ഈ മുന്നേറ്റത്തിന് കാരണമെന്ന് അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറും സി.പി.എം തിരുവമ്പാടി ഏരിയ സെക്രട്ടറിയുമായ ടി. വിശ്വനാഥൻ അഭിപ്രായപ്പെട്ടു. യു.ഡി.എഫിന്റെ സ്വാധീന മേഖലകളിൽ പോലും എൽ.ഡി.എഫിന് വൻ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫലപ്രഖ്യാപനത്തിന് ശേഷം മുക്കത്ത് സി.പി.എം ഏരിയ കമ്മിറ്റി ഓഫീസിൽ എത്തിയ ലിന്റാേ ജോസഫിനെ ടി. വിശ്വനാഥൻ ഹാരമണിയിച്ചു. വി.കെ. വിനോദ്, എൻ.ബി. വിജയകുമാർ, പി.ടി. ബാബു എന്നിവരും സ്വീകരണത്തിൽ പങ്കെടുത്തു.