tp

പേരാമ്പ്ര: പേരാമ്പ്ര മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ടി.പി. രാമകൃഷ്ണൻ നേടിയത് ചരിത്ര വിജയം. കഴിഞ്ഞ മന്ത്രിസഭയിൽ തൊഴിൽ എക്‌സൈസ് വകുപ്പ് മന്ത്രി കൂടിയായിരുന്ന ടി.പി. രാമകൃഷ്ണന്റെ രണ്ടാമൂഴം വൻ ഭൂരിപക്ഷത്തോടെ വിജയം കണ്ടു. തൊഴിലാളി നേതാവും കരുത്തുറ്റ സംഘാടകനും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും കൂടിയായ ടി.പിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലുൾപ്പെടെ നടത്തിയ വികസന പ്രവർത്തനങ്ങളാണ് എൽ.ഡി.എഫ് പ്രചാരണ വിഷയമാക്കിയത് .
തിരഞ്ഞെടുപ്പ് പോരാട്ടത്തിനൊടുവിൽ ജനഹിതം പുറത്തുവന്നപ്പോൾ എൽ.ഡി.എഫ് സ്ഥാനാർത്ഥി ടി.പി രാമകൃഷ്ണൻ 22592 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ രണ്ടാമൂഴത്തിലും വിജയകിരീടം ചൂടി. യു.ഡി.എഫിലെ സി.എച്ച്. ഇബ്രാഹിം കുട്ടിയെയാണ് പരാജയപ്പെടുത്തിയത്. ടി.പി. രാമകൃഷ്ണൻ 86023 വോട്ടുകളും സി.എച്ച്. ഇബ്രാഹിംകുട്ടി 63431 വോട്ടും നേടി. ബി.ജെ.പിയിലെ അഡ്വ. കെ.വി. സുധീറിന് 11165 വോട്ടുകൾ ലഭിച്ചു. എസ്.ഡി.പി.ഐയിലെ ഷംസുദ്ദീൻ കമ്മന 1465 വോട്ടുകളും സ്വതന്ത്ര സ്ഥാനാർത്ഥി ഇബ്രാഹിംകുട്ടി 915 വോട്ടുകളും പി.പി.എഫ്. സ്ഥാനാർത്ഥി ചന്ദ്രൻ 250 വോട്ടുകളും നേടി.

2016 നിയമസഭാ തിരഞ്ഞെടുപ്പിൽ 4101 വോട്ടുകൾക്കായിരുന്നു ടി.പി രാമകൃഷ്ണൻ വിജയിച്ചിരുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷത്തിനേക്കാൾ 18491 വോട്ടുകൾ കൂടുതൽ നേടിയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി ടി.പി രാമകൃഷ്ണൻ പേരാമ്പ്രയെ വീണ്ടും ചുവപ്പണിയിച്ചത്. ടി.പി. രാമകൃഷ്ണന്റെ തുടർ വിജയം എതിരാളികൾ പോലും പ്രതീക്ഷിച്ചതാണെന്നും മണ്ഡലത്തിലെ പത്തു പഞ്ചായത്തുകളിലും നടപ്പിലാക്കിയ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് ടി.പിയെ വൻ വിജയത്തിലേക്ക് നയിച്ചതെന്നും പേരാമ്പ്ര മണ്ഡലം എൽ.ഡി.എഫ് കൺവീനർ എ.കെ. ചന്ദ്രൻ പറഞ്ഞു.

തന്റേത് അഭിമാനകരമായ വിജയമാണെന്നും ടി.പി രാമകൃഷ്ണൻ പറഞ്ഞു. ഇക്കാര്യം തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപത്തിന് മുൻപ് തന്നെ വ്യക്തമാക്കിയിരുന്നതാണ്. കഴിഞ്ഞ 5 വർഷക്കാലം മണ്ഡലത്തിലെ എല്ലാവിഭാഗം ജനങ്ങളെയും ചേർത്തു പിടിച്ചതിന്റെ നേട്ടമാണ് വൻ ഭൂരിപക്ഷത്തോടെയുള്ള ഈ വിജയമെന്നും ഇത് ജനങ്ങളുടെ വിജയമാണെന്നും ജനങ്ങളോടുള്ള ആദരവ് പുലർത്തിക്കൊണ്ട് ചുമതലാബോധം വർദ്ധിപ്പിക്കാൻ ഈ വിജയം എന്നെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.