കല്ലമ്പലം: ആക്രമണകാരികളായ നായ്ക്കളുടെ ശല്യം വർദ്ധിച്ചിട്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപടിയെടുക്കുന്നില്ലെന്ന് പരാതി. കരവാരം, നാവായിക്കുളം, പള്ളിക്കൽ, മടവൂർ, മണമ്പൂർ, ഒറ്റൂർ പഞ്ചായത്തുകളിലായി കഴിഞ്ഞ ആറു മാസത്തിനുള്ളിൽ 31 പേർക്കാണ് നായ്ക്കളുടെ കടിയേറ്റത്‌. ഇതിനു പുറമേ 200 വളർത്തു കോഴികളെയും 16 ആടുകളെയും കടിച്ചു കൊന്നു. നായ്ക്കളുടെ ആക്രമണത്തിൽ നിന്നും രക്ഷനേടുന്നതിനുള്ള മരണപ്പാച്ചിലിൽ വീണ് പരിക്കേറ്റത് 10 പേർക്കാണ്.

പുലർച്ചെ നടക്കാനിറങ്ങുന്നവരും നായ്ക്കളുടെ ആക്രമണത്തിനിരയാകുകയാണ്. 2016ൽ തെരുവ് നായ്ക്കളുടെ ആക്രമണം വർദ്ധിച്ചതോടെ ഇതിനെ നിയന്ത്രിക്കുന്നതിനായി ആക്രമണകാരികളായ നായ്ക്കളെയും അല്ലാത്തവയെയും തരം തിരിക്കുന്നതിനുള്ള നടപടികൾ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആക്രമണകാരികളെ പിടികൂടി ആളൊഴിഞ്ഞ ഭാഗങ്ങളിൽ തള്ളുകയും അല്ലാത്തവയെ ഘട്ടം ഘട്ടമായി വന്ധീകരണത്തിന് വിധേയമാക്കുകയുമായിരുന്നു ലക്ഷ്യം.

ഇതോടെ അടിയന്തര പ്രാധാന്യം നൽകി ആവിഷ്കരിച്ച വന്ധ്യംകരണ പദ്ധതി അവതാളത്തിലായി. എന്നാൽ ചില പഞ്ചായത്തുകൾ വന്ധ്യംകരണ നടപടികളുമായി മുന്നോട്ടു പോകുകയും തെരുവ്നായ്ക്കളെ കൂട്ടത്തോടെ കൊണ്ടുപോയി വന്ധീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ നായ്ക്കളെ വന്ധ്യംകരണത്തിന് ശേഷം ജനസാന്ദ്രതയേറിയ മേഖലയിൽ ഉപേക്ഷിച്ചതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പിന്നെ തെരുവ് നായ്ക്കളുടെ കാര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് കാര്യമായ നടപടികളൊന്നും ഉണ്ടായില്ല.

ഇരയായി പത്രവിതരണക്കാ‌ർ

തെരുവ് നായ്ക്കളുടെ ആക്രമണങ്ങളിൽ ഏറ്റവും കൂടുതൽ ഇരയാകുന്നത് പുലർച്ചെ പോകുന്ന പത്രവിതരണക്കാരാണ്. സൈക്കിളിലും ഇരുചക്ര വാഹനങ്ങളിലും പോകുന്ന ഇവരെ ആക്രമിക്കുകയും പത്രക്കെട്ടുകൾ വരെ കടിച്ചു നശിപ്പിക്കുകയും ചെയ്ത സംഭവങ്ങൾ ധാരാളമുണ്ട്.

പ്രാബല്യത്തിൽ വരാത്ത പദ്ധതി

അനിമൽ ബർത്ത് കൺട്രോൾ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി മൃഗാശുപത്രികളിൽ ശീതീകരിച്ച ഓപ്പറേഷൻ തിയേറ്റർ സജ്ജമാക്കുമെന്നും തെരുവ് നായ്ക്കളുടെ വന്ധ്യംകരണം ഉൾപ്പെടെയുള്ള നടപടികൾ ആരംഭിക്കുമെന്ന് പറഞ്ഞിരുന്നതും നടക്കാതെ പോയി. നായപിടിത്തക്കാരുടെ അഭാവമാണ് പ്രതിസന്ധിക്ക് കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. പദ്ധതി പ്രാബല്യത്തിൽ വരുത്തണമെങ്കിൽ വന്ധ്യംകരണ കേന്ദ്രവും വെറ്റിനറി സർജനും നായ്ക്കളെ പിടികൂടി എത്തിക്കാനുള്ള ജീവനക്കാരും അതാതിടങ്ങളിൽ ഉണ്ടാകണം. എന്നാൽ സർക്കാർ ആശുപത്രികൾക്കു പുറമെ കോർപ്പറേഷൻ കീഴിൽ മാത്രമാണ് വെറ്റിനറി സർജനെ നിയമിച്ചിട്ടുള്ളത്.

അന്തരാഷ്ട്ര പദ്ധതിയും നടപ്പായില്ല

എ.ബി.സി /എ.ആർ പ്രോഗ്രാമാണ് തെരുവ് നായ നിയന്ത്രണത്തിന് അന്താരാഷ്ട്ര തലത്തിൽ അംഗീകരിച്ച പദ്ധതി. എന്നാൽ പ്രാദേശിക ഭരണകൂടങ്ങൾ ഇത് പ്രാവർത്തികമാക്കുന്നില്ല. 2017 ജനുവരി ഒന്നിന് സമ്പൂർണ ആനിമൽ ബർത്ത് കൺട്രോൾഡ് ജില്ലയായി പ്രഖ്യാപിക്കുന്ന തരത്തിൽ തെരുവ് നായ വന്ധ്യംകരണത്തിന് തയാറെടുത്ത ജില്ലാ പഞ്ചായത്തും പദ്ധതി പാതി വഴിയിൽ ഉപേക്ഷിച്ചു. ഉദ്ദേശം ആറ് ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ പ്രത്യേക അംഗീകാരം ലഭിക്കാൻ കാലതാമസം നേരിട്ടതാണ് തിരിച്ചടിയായതെന്ന് ബന്ധപ്പെട്ടവർ പറയുന്നു.