ldf-rally

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തെക്കൻ ജില്ലകളിൽ എൽ.ഡി.എഫിന് കരുത്ത് കൂടി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി 39 മണ്ഡലങ്ങളുണ്ട്. 2016ൽ 32 സീറ്റ് പിടിച്ച ഇടതു മുന്നണി ഇക്കുറി 35 സീറ്രുകൾ സ്വന്തമാക്കി. ബി.ജെ.പിക്ക് നിയമസഭയിൽ പ്രാതിനിധ്യം ഇല്ലാതാക്കി നേമം പിടിക്കുകയും ചെയ്തു.

കഴിഞ്ഞ തവണ ആറിടത്ത് ജയിച്ച യു.ഡി.എഫിന് നാലിൽ ഒതുങ്ങേണ്ടി വന്നു. പത്തനംതിട്ടയിൽ കഴിഞ്ഞ തവണ ഒരു സീറ്റിൽ ജയിച്ച യു.ഡി.എഫിന് ഇപ്പോൾ വട്ടപ്പൂജ്യം.കൊല്ലം ജില്ലയിൽ 2016-ൽ യു.ഡി.എഫിന്റെ സാന്നിദ്ധ്യമേ ഉണ്ടായിരുന്നില്ല. ഇപ്പോൾ കരുനാഗപ്പള്ളിയിലെയും കുണ്ടറയിലെയും ജയം യു.ഡി.എഫ് ജില്ലാ നേതൃത്വത്തിന് നേരിയ ആശ്വാസമായി. ആലപ്പുഴ ജില്ലയിൽ 2016-ലെ ആവർത്തനമാണ്.എട്ടു സീറ്റിൽ എൽ.ഡി.എഫും ഒരിടത്ത് യു.ഡി.എഫും. അരൂരിൽ എ.എം.ആരിഫ് ലോക് സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഷാനിമോൾ ഉസ്മാനിലൂടെ ഒരു സീറ്റു കൂടി നേടാൻ കഴിഞ്ഞെങ്കിലും ഇപ്പോൾ അതും നഷ്ടമായി.

തലസ്ഥാന ജില്ലയിലാണ് യു.ഡി.എഫിന് കനത്ത തിരിച്ചടി നേരിട്ടത്. 2016-ൽ നാലു സീറ്റുകളിൽ ജയിച്ചിരുന്നു. ഇത്തവണ ജയിക്കാനായത് കോവളത്ത് മാത്രം. മുൻ മന്ത്രിമാരും പ്രമുഖ നേതാക്കളുമായ കെ.മുരളീധരൻ, വി.എസ്.ശിവകുമാർ എന്നിവരുടെ തോൽവി പ്രഹരവുമായി. എൽ.ഡി.എഫ് ഒമ്പതു സീറ്റുകൾ 13 ആയി ഉയർത്തി.

നേട്ടം കൊയ്ത് സി.പി.എം

തെക്കൻ ജില്ലകളിൽ 2016-ൽ 22 സീറ്റിൽ മത്സരിച്ച സി.പി.എം 19-ൽ വിജയിച്ചിരുന്നു. 2021-ൽ മത്സരിച്ച 24 സീറ്റുകളിൽ 23 ലും വിജയം കണ്ടു. കുണ്ടറയിൽ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയ്ക്ക് നേരിട്ട പരാജയം മാത്രമാണ് ആകെ ഉണ്ടായ ക്ഷീണം.ബി.ജെ.പിയിൽ നിന്ന് നേമം തിരിച്ചു പിടിക്കാൻ കഴിഞ്ഞതാണ് പ്രധാന നേട്ടം.

2016-ൽ ഒമ്പത് സീറ്റിൽ മത്സരിച്ച്, ആറിൽ വിജയിച്ച സി.പി.ഐ ഇത്തവണ മത്സരിച്ച ഒമ്പത് സീറ്റുകളിൽ ഏഴെണ്ണത്തിൽ വിജയിച്ചു.