ldf

തിരുവനന്തപുരം: വികസന, ക്ഷേമപദ്ധതികളിൽ കാട്ടിയ ശുഷ്കാന്തി, ചെയ്ത കാര്യങ്ങൾ ബോദ്ധ്യപ്പെടുത്താനുള്ള പ്രചാരണം, സുരക്ഷിതത്വബോധം ഉളവാക്കുംവിധമുള്ള മുഖ്യമന്ത്രിയുടെ ഇടപെടലുകൾ, പ്രതിസന്ധിഘട്ടങ്ങളിലെ നിശ്ചയദാർഢ്യം ഇവയുടെ ആകെത്തുകയാണ് പിണറായി സർക്കാരിന് ലഭിച്ച തുടർഭരണം.

പ്രതിസന്ധികളിൽ രക്ഷാകർത്താവ്

 തീരമേഖലയെ നടുക്കിയ ഓഖി, രണ്ട് മഹാപ്രളയങ്ങൾ, നിപ വൈറസ് ബാധ, ഒന്നര വർഷമായി കൊവിഡ് മഹാമാരി-ഈ പ്രതിസന്ധികളിൽ അചഞ്ചലനായി നിന്ന് മുഖ്യമന്ത്രി ജനങ്ങൾക്ക് സമാശ്വാസം നൽകി. ഉപദേശ നിർദ്ദേശങ്ങൾ തുടർച്ചയായി നൽകി ഒരു നല്ല 'രക്ഷാകർത്താവാ'യി മാറി.

ജനങ്ങളുടെ ക്ഷേമം

 ക്ഷേമപെൻഷൻ വിതരണം പുനരാരംഭിക്കുകയും ക്രമമായി വർദ്ധിപ്പിക്കുകയും ചെയ്തു. സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും ആകർഷകമായ തരത്തിൽ പരിഷ്കരിച്ചു. തൊഴിലാളികളുടെ ക്ഷേമകാര്യങ്ങൾക്കും നടപടികൾ സ്വീകരിച്ചു.

കൃഷിയിൽ നൂറുമേനി

 കുട്ടനാട്, പാലക്കാടൻ നെൽകർഷകർക്ക് ആശ്വാസം നൽകും വിധം നെല്ല് സംഭരണത്തിന് കൃത്യസമയത്ത് നടപടി സ്വീകരിച്ചു. കാർഷിക മേഖലയിൽ വിവിധ പദ്ധതികൾ നടപ്പാക്കി.

ഭക്ഷ്യക്കിറ്റുകൾ

 കൊവിഡ് ദുരിതത്തിൽ തൊഴിലവസരങ്ങൾ ഇല്ലാതായി പട്ടിണിയുടെ വക്കോളമെത്തിയപ്പോൾ ഭക്ഷ്യക്കിറ്റുകൾ മുടക്കം കൂടാതെ എല്ലാ വീടുകളിലും എത്തിച്ചു. വീടില്ലാത്തവർക്ക് വീടു നൽകാനുള്ള ലൈഫ് പദ്ധതി വ്യാപകമാക്കി.

റോഡുകൾ

 ഒട്ടുമിക്ക സംസ്ഥാന പാതകളും ഗ്രാമീണ പാതകളും ഗതാഗത യോഗ്യമാക്കി. ദേശീയപാതയുടെ പരിപാലനവും യഥാസമയം നിർവഹിച്ചു. കൊല്ലം, ആലപ്പുഴ ബൈപാസുകളുടെ നിർമ്മാണം പൂർത്തിയാക്കിയതും വലിയ നേട്ടമായി.

ആശുപത്രികൾ

 ചെറുതും വലുതുമായ എല്ലാ സർക്കാർ ആശുപത്രികളും നവീകരിച്ച് ആവശ്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തി. മരുന്നു ക്ഷാമത്തിൽ നിന്ന് മോചനം

വിദ്യാലയങ്ങൾ

 സ്കൂളുകൾക്ക് കിഫ്ബി വഴി കെട്ടിടങ്ങൾ നിർമ്മിച്ച് അടിസ്ഥാന സൗകര്യങ്ങൾ മെച്ചമാക്കി. സ്മാർട്ട് ക്ളാസ് റൂമുകളടക്കം ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തി. പൊതുവിദ്യാലയങ്ങളിലേക്ക് കൂടുതൽ കുട്ടികൾ എത്താൻ തുടങ്ങി.

മന്ത്രിസഭ

 മന്ത്രിസഭാ യോഗങ്ങളിൽ ഏതു സങ്കീർണ വിഷയം ചർച്ചചെയ്യുമ്പോഴും മന്ത്രിമാർ തമ്മിൽ ചേരിപ്പോരില്ലാതെ തീരുമാനങ്ങളിലേക്ക് എത്തി. മുന്നണിയിലെ പാർട്ടികൾ തമ്മിൽ അകലാതിരിക്കാൻ ശ്രദ്ധിച്ചു.

പ്രോഗ്രസ് റിപ്പോർട്ട്

 ഓരോ വർഷവും പുറത്തിറക്കിയ സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ടും നിശ്ചിത ഇടവേളകളിൽ വിവിധ മേഖലകളിലുള്ളവരുമായി നടത്തുന്ന ചർച്ചകളും മുന്നോട്ടുള്ള പ്രവർത്തനങ്ങൾ സുഗമമാക്കി.

ഒരുമയോടെ

 പാർട്ടിയും സർക്കാരും ഒന്നിച്ചെന്ന തോന്നലുണ്ടാവുംവിധം പരസ്പര പൂരകങ്ങളായി പ്രവർത്തിച്ചു. പറയുന്ന കാര്യങ്ങൾ ചെയ്യുന്ന സർക്കാർ എന്ന ഇമേജ് വളർത്താനായി.

മുന്നൊരുക്കം

 നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കി. ഇ.പി.ജയരാജൻ, ജി.സുധാകരൻ, തോമസ് ഐസക്, എ.കെ.ബാലൻ തുടങ്ങിയ മന്ത്രിമാരെപ്പോലും മത്സരരംഗത്തു നിന്ന് ഒഴിവാക്കി പുതുമുഖങ്ങൾക്ക് അവസരം നൽകിയപ്പോൾ പ്രതിഷേധത്തിന്റെ തരിമ്പും ഉയരാതിരിക്കാൻ ജാഗ്രതകാട്ടി.

സമുദായക്ഷേമം

 പിന്നാക്ക ക്ഷേമത്തിനും ന്യൂനപക്ഷ സംരക്ഷണത്തിനും നല്ല പ്രാധാന്യം നൽകിയപ്പോൾ തന്നെ മുന്നാക്കവിഭാഗങ്ങൾക്കും മതിയായ പരിഗണന നൽകി.