തിരുവനന്തപുരം: കേരളത്തിന്റെ ക്യാപ്ടൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ തലസ്ഥാനത്ത് തലയെടുപ്പോടെ മടങ്ങിയെത്തി. ഇൻഡിഗോ വിമാനത്തിൽ രാവിലെ 9.11 ന് വന്നിറങ്ങിയ പിണറായിക്കൊപ്പം ഭാര്യ കമല, മകൾ വീണ, കൊച്ചുമകൻ, മന്ത്രിമാരായ കെ.കെ.ശൈലജ, ഇ.പി.ജയരാജൻ എന്നിവരുമുണ്ടായിരുന്നു. കൊവിഡ് പ്രോട്ടോക്കോളുള്ളതിനാൽ എതിരേൽക്കാൻ പാർട്ടി പ്രവർത്തകരൊന്നുമുണ്ടായില്ല.
നേരെ ക്ളിഫ് ഹൗസിലേക്ക്. പ്രഭാത ഭക്ഷണത്തിന് ശേഷം മന്ത്രിസഭായോഗത്തിനായി സെക്രട്ടേറിയറ്റിലേക്ക് പോയി. അവിടെ മന്ത്രിമാർക്കൊപ്പം വിജയാഹ്ളാദം പങ്കുവച്ചു. ശേഷം രാജ്ഭവനിലെത്തി ഗവർണറെ കണ്ട് രാജിസമർപ്പിച്ചു. അവിടെ നിന്ന് നേരെ കൊട്ടാരക്കരയിലേക്ക്. അന്തരിച്ച ആർ.ബാലകൃഷ്ണപിള്ളയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച ശേഷം തിരിച്ച് എ.കെ.ജി സെന്ററിലെത്തി. അവിടെ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച. തിരിച്ച് വീട്ടിലെത്തി ഉച്ചയൂണ്, പിന്നെ ലേശം വിശ്രമം. വൈകിട്ട് 5 ന് മസ്കറ്റ് ഹോട്ടലിൽ പത്രപ്രവർത്തക യൂണിയൻ ഒരുക്കിയ മുഖാമുഖത്തിലേക്ക്. നമുക്ക് ഒന്നായി നാടിന്റെ നല്ല ഭാവിക്കായി പ്രവർത്തിക്കാമെന്നും പുതിയ കേരളം സൃഷ്ടിക്കാമെന്നും പറഞ്ഞ് മുഖ്യമന്ത്രി ചോദ്യോത്തരങ്ങളിലേക്ക്. മുഖാമുഖം കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക്.