dr

വർക്കല: വർക്കല താലൂക്ക് ആശുപത്രിയിലെ കൊവിഡ് വാക്സിനേഷൻ കേന്ദ്രത്തിൽ തിക്കും തിരക്കും. രണ്ടാമത്തെ ഡോസ് വാക്സിൻ എടുക്കാനായി സ്പോട്ട് രജിസ്ട്രേഷൻ സൗകര്യം ഏർപ്പെടുത്തിയിരുന്നു. രാവിലെ 9.30 മുതൽ വൈകിട്ട് 4 വരെയാണ് വാക്സിനേഷൻ നൽകുന്നത്. ടോക്കൺ രാവിലെ 8 മുതൽ നൽകി തുടങ്ങും. ഓൺലൈൻ രജിസ്ട്രേഷൻ ചെയ്തവരും ടോക്കൺ വാങ്ങിയാണ് വാക്സിനേഷൻ സ്വീകരിക്കേണ്ടത്. ഒരു ദിവസം 140 പേർക്കാണ് ടോക്കൺ അനുവദിക്കുക. എന്നാൽ 400ൽപരം പേരാണ് തിങ്കളാഴ്ച രാവിലെ താലൂക്ക് ആശുപത്രിയിൽ വാക്സിൻ സ്വീകരിക്കാൻ എത്തിയത്. ആദ്യ ഡോസ് സ്വീകരിച്ച് 50 ദിവസമോ അതിലധികമോ ആയവർക്കായിരുന്നു വാക്സിനേഷന് അർഹത ഉണ്ടായിരുന്നത്.
എന്നാൽ വാക്സിനെടുക്കാൻ എത്തിയവരിൽ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ച് 50 ദിവസം തികയാത്തവരും ഉണ്ടായിരുന്നു. രാവിലെ മുതൽ ക്യൂ നിന്ന ശേഷം വാക്സിൻ സ്വീകരിക്കാൻ സാധിക്കില്ലെന്ന് അറിഞ്ഞതിലുള്ള
നിരാശയും വരും ദിവസങ്ങളിൽ വാക്സിൻ ദൗർലഭ്യം ഉണ്ടാകുമോയെന്ന സംശയവും കാരണം വാക്സിനെടുക്കാനെത്തിയവർ തിരക്കുകൂട്ടുകയായിരുന്നു. പലരും ക്യൂവിൽ ഇടയ്ക്ക് കയറാൻ ശ്രമിച്ചത്
ബഹളത്തിനിടയാക്കി. ഇതേതുടർന്ന്, ടോക്കൺ വിതരണം ആശുപത്രി അധികൃതർ നിറുത്തിവച്ചു. വർക്കല പൊലീസ് സ്ഥലത്തെത്തി തിരക്ക് നിയന്ത്രിച്ച് ക്യൂ ക്രമീകരിച്ച ശേഷമാണ് ടോക്കൺ വിതരണം പുനരാരംഭിച്ചത്. തുടർന്ന് ബാക്കിയുണ്ടായിരുന്നവരുടെ പേരും മൊബൈൽ നമ്പറും എഴുതി വാങ്ങുകയും അടുത്തുള്ള ദിവസങ്ങളിൽ ഇവർക്ക് മുൻഗണന നൽകുകയും ചെയ്യുമെന്ന് ആശുപതി സൂപ്രണ്ട്

അറിയിച്ചു. കർശന നിയന്ത്രണങ്ങൾ ഉണ്ടായിരുന്ന ശനി, ഞായർ ദിവസങ്ങളിൽ വാക്സിൻ വിതരണം നിറുത്തിവച്ചിരിക്കുകയായിരുന്നു. ആസൂത്രണത്തിലെ പാളിച്ചകളാണ് വാക്സിനേഷൻ കേന്ദ്രങ്ങളിൽ തിക്കും തിരക്കും
ഉണ്ടാകാനുള്ള പ്രധാന കാരണമെന്നും ആരോപണമുണ്ട്.