ആറ്റിങ്ങൽ: ആറ്റിങ്ങലിലെ പ്രധാന ജംഗ്ഷനുകളിൽ ഒന്നായ ആലംകോടിന്റെ ആവശ്യങ്ങൾ അധികൃതർ കണ്ടില്ലെന്നു നടിക്കുന്നു. തീരദേശത്തേയും മലയോരമേഖലയേയും ബന്ധിപ്പിക്കുന്ന ജംഗ്ഷനാണിത്. ആറ്റിങ്ങൽ നഗരസഭയിലെ പ്രധാന വാണിജ്യ കേന്ദ്രം കൂടിയായ ഇവിടം സ്ഥലപരിമിതിയാൽ വീർപ്പുമുട്ടുകയാണ്.
കടയ്ക്കാവൂർ - അഞ്ചുതെങ്ങ് റോഡും കിളിമാനൂർ റോഡും ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന ജംഗ്ഷനാണിത്. ഇവിടെ ദേശീയപാതയ്ക്കുപോലും വീതി ആവശ്യത്തിനില്ലെന്നതാണ് പ്രധാന പ്രശ്നം. ഇത് ഗതാഗതക്കുരുക്ക് വർദ്ധിപ്പിക്കുകയാണ്. ഗതാഗതക്കുരുക്ക് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ഇവിടെ സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചെങ്കിലും യാതൊരു പരിഹാരവുമുണ്ടായില്ല.
ടാക്സി, ഓട്ടോ, ടെമ്പോ, പിക്കപ്പ് എന്നിവയുടെ സ്റ്റാൻഡുകൾ ജംഗ്ഷനിലാണ് പ്രവർത്തിക്കുന്നത്. ഇതും ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ഇവിടെ പ്രധാന ബാങ്കുകളുടെയെല്ലാം ശാഖകളും പ്രവർത്തിക്കുന്നുണ്ട്. ജംഗ്ഷനു സമീപം തന്നെയാണ് ഗവ. ഹയർ സെക്കൻഡറി സ്കൂളും എൽ.പി സ്കൂളും പോസ്റ്റ് ഓഫീസും പ്രവർത്തിക്കുന്നത്.
ഇവിടെ എത്തുന്നവർക്ക് ഉപയോഗിക്കാൻ പൊതു ടൊയ്‌ലെറ്റ് ഇല്ലെന്നതാണ് മറ്റൊരു പ്രശ്നം. കൂടാതെ യാതൊരു നിയന്ത്രണവുമില്ലാതെ യാത്രക്കാർ തലങ്ങും വിലങ്ങും റോഡ് മുറിച്ചു കടക്കുന്നത് അപകടം വർദ്ധിപ്പിക്കുന്നു.
ജില്ലയിലെ പ്രധാന മത്സ്യ മൊത്ത വ്യാപാരകേന്ദ്രം ആലംകോടാണ് പ്രവർത്തിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഇവിടെ മത്സ്യം എത്തുന്നുണ്ട്. വലിയ വാഹനങ്ങളിലാണ് ഇവ എത്തുന്നത്. ചെറുകിട കച്ചവടക്കാർ ഇവിടെയെത്തിയാണ് മത്സ്യം എടുത്ത് മറ്റിടങ്ങളിൽ എത്തിച്ച് വില്പന നടത്തുന്നത്. വെളുപ്പിന് 3 മണി മുതൽ ഇവിടെ മത്സ്യ വില്പനയുടെ തിരക്കാണ്. ജംഗ്ഷനിലെ തെരുവു വിളക്കുകളും ഹൈമാസ്റ്റ് ലൈറ്റുകളും കത്താത്തത് കച്ചവടക്കാരെ ദുരിതത്തിലാക്കുന്നു.
ചെറിയൊരു മഴപെയ്താൽ ജംഗ്ഷനിൽ വെള്ളം കെട്ടി നിൽക്കുന്നത് വാഹന യാത്രയ്ക്കുപോലും തടസമാകും. ഇവിടെ ഓട നിർമ്മിച്ചിട്ടുണ്ടെങ്കിലും വെള്ളം ഒഴുകിപ്പോകാതെ സമീപത്തെ കച്ചവട സ്ഥാപനങ്ങളിലിൽ ഒഴുകിയെത്തുന്നത് വ്യാപാരികളെ പ്രതിസന്ധിയിലാക്കുന്നു. ഓടയിലെ അശാസ്ത്രീയതയാണ് കാരണമെന്നും ഇത് പരിഹരിക്കണമെന്നും വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായില്ല.