നെടുമങ്ങാട്: താലൂക്ക് ഹെഡ്ക്വാർട്ടേഴ്സായ നെടുമങ്ങാട് റവന്യൂ ടവറിൽ ട്രാൻസ്‌ഫോർമർ തകരാറിനെ തുടർന്ന് രണ്ടു ദിവസമായി വെളിച്ചവും വെള്ളവുമില്ല. താലൂക്കാഫീസ് ഉൾപ്പടെ ഇരുപതോളം സർക്കാർ ഓഫീസുകളും മുപ്പതോളം സ്വകാര്യ വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന ബഹുനില മന്ദിര സമുച്ചയത്തിൽ വൈദ്യുതി മുടങ്ങിയത് ജീവനക്കാരെയും സന്ദർശകരെയും ദുരിതത്തിലാക്കി.
ഇരുട്ടിൽ തപ്പിത്തടഞ്ഞാണ് സന്ദർശകർ മന്ദിരത്തിലെ ഇടനാഴികൾ പിന്നിട്ട് ഓഫീസുകളിൽ എത്തുന്നത്. കംപ്യൂട്ടറുകളുടെ പ്രവർത്തനം നിലച്ചതോടെ വിവിധ ആവശ്യങ്ങൾക്കായി എത്തിയവർ ഓഫീസുകളുടെ മുന്നിലെ ഇരിപ്പിടങ്ങളിലും പടിക്കെട്ടുകളിലുമായി ഇരുപ്പുറപ്പിച്ചു. പ്രാഥമികകൃത്യനിർവഹണത്തിന് പോലും വെള്ളം ഇല്ലാതെ സ്ത്രീകളടക്കക്കമുള്ള ജീവനക്കാർ പരക്കം പാഞ്ഞു.
സംസ്ഥാന ഭവനനിർമ്മാണ ബോർഡിന് കീഴിലുള്ള മന്ദിരമാണ് റവന്യൂ ടവർ. ഞായറാഴ്ച വൈകിട്ടോടെയാണ് വൈദ്യുതി മുടങ്ങിയത്. തിങ്കളാഴ്ച രാവിലെ ഒരു ലൈൻ ആക്ടീവായെങ്കിലും മിനിട്ടുകൾക്കകം വീണ്ടും വൈദ്യുതി മുടങ്ങി. കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനിയറുടെ നേതൃത്വത്തിൽ ജീവനക്കാർ ഏറെനേരം പണിപ്പെട്ടിട്ടും തകരാർ പരിഹരിക്കാനായില്ല. കേടായ ട്രാൻസ്ഫോർമറുകളുടെ അറ്റകുറ്റപ്പണി ഹൗസിംഗ് ബോർഡിന്റെ ചുമതലയിലായതിനാൽ തകരാർ പരിഹരിക്കേണ്ടത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണെന്ന് ചൂണ്ടിക്കാട്ടി വൈദ്യുതി ബോർഡ് പിന്മാറുകയായിരുന്നു.
ഇതേത്തുടന്ന്, തഹസിൽദാർ ഉൾപ്പടെ ഹൗസിംഗ് ബോർഡ് എക്സിക്യൂട്ടീവ് എൻജിനിയറുമായി ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഉച്ചകഴിഞ്ഞിട്ടും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായില്ല.
പ്രവർത്തനം നിലച്ച്
ജോയിന്റ് ആർ.ടി ഓഫീസ്, താലൂക്ക് സപ്ലൈ ഓഫീസ്, ടൗൺ എംപ്ലോയ്മെൻറ് ഓഫീസ്, റവന്യൂ റിക്കവറി ഓഫീസ്, റീസർവേ ഓഫീസ്, പ്ലാന്റേഷൻ ഓഫീസ്, സബ് രജിസ്ട്രാർ ഓഫീസ് തുടങ്ങി പ്രധാനയിടങ്ങളിലെ പ്രവർത്തനമാണ് വൈദ്യുതി മുടക്കം മൂലം തടസപ്പെട്ടത്. മെഡിക്കൽ സ്റ്റോറുകൾ, സൂപ്പർ മാർക്കറ്റ്, അക്ഷയ കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളും നിശ്ചലമായി. പലരും ആവശ്യങ്ങൾ നിറവേറാതെ തിരിച്ചുപോവുകയും മറ്റുചിലർ ഓഫീസുകൾക്കു മുൻപിൽ കുത്തിയിരിക്കുകയും ചെയ്തു.
വാരാന്ത്യ കർഫ്യു കഴിഞ്ഞുള്ള ദിവസമായതിനാൽ ഇന്നലെ വിവിധ ആവശ്യങ്ങളുമായി ഓഫീസുകളിൽ എത്തിയവരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്.