തിരുവനന്തപുരം : കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ അത്യാവശ്യഘട്ടങ്ങളിൽ മാത്രം പുറത്തിറങ്ങണമെന്നും യാത്രകൾ ഒഴിവാക്കണമെന്നും ജാഗ്രതാനിർദ്ദേശം പുറത്തിറക്കി ആരോഗ്യവകുപ്പ്. പഴുതടച്ചുള്ള പ്രതിരോധമാണ് ആവശ്യമെന്നും ആരോഗ്യവകുപ്പ് പറയുന്നു.
നിലവിലെ സാഹചര്യത്തിൽ ഇരട്ട മാസ്‌ക് ധരിക്കുകയാണ് കൂടുതൽ ഫലപ്രദം. എൻ. 95 മാസ്‌കാണെങ്കിൽ അത് മാത്രം മതി. പ്രായമായവർ, ഗുരുതരരോഗങ്ങൾ ഉള്ളവർ, പ്രമേഹം, അമിത രക്തസമ്മർദ്ദം പോലെയുള്ള ജീവിത ശൈലീരോഗങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ, പത്തുവയസിന് താഴെ പ്രായമുള്ള കുട്ടികൾ, ഗർഭിണികൾ, അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവർ എന്നിവരെ വീട്ടിൽ മറ്റു സമ്പർക്കങ്ങൾ ഉണ്ടാകാത്ത രീതിയിൽ പാർപ്പിക്കണം.
മുതിർന്നവരെ സംരക്ഷിക്കണം
മരിക്കുന്നവരിൽ ഭൂരിഭാഗം പേരും മുതിർന്ന പൗരന്മാരാണ്. കുടുംബാംഗങ്ങളിൽ നിന്നും പരിചരിക്കുന്ന വ്യക്തികളിൽ നിന്നുമാണ് കൂടുതൽ പേർക്കും രോഗം പകരുന്നത്. പുറത്തുള്ളവരുമായി ബന്ധപ്പെടുന്ന കുടുംബാംഗങ്ങൾ മുതിർന്ന പൗരന്മാരുമായും, ഗുരുതര രോഗങ്ങൾ ഉള്ളവരുമായും, ചെറിയ കുട്ടികളുമായും സമ്പർക്കത്തിൽ വരാതെ ശ്രദ്ധിക്കണം. പ്രായമായവരെയും കിടപ്പുരോഗികളെയും പരിചരിക്കുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണം. പൊതുയിടങ്ങളിൽ നിന്ന് മുതിർന്ന പൗരന്മാർക്ക് രോഗം ബാധിക്കുന്നതിനുള്ള സാദ്ധ്യത മറ്റുള്ളവരെ അപേക്ഷിച്ച് പതിന്മടങ്ങ് കൂടുതലാണ്. അതിനാൽ അടിയന്തര സാഹചര്യങ്ങളിലൊഴികെ മുതിർന്ന പൗരന്മാർ പുറത്തുപോകാൻ പാടില്ല.