തിരുവനന്തപുരം: രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ജിമ്മി ജോർജ് സ്റ്റേഡിയത്തിലെത്തിയ പലരും ഇന്നലെ വാക്‌സിനെടുക്കാനാകാതെ മടങ്ങി. സ്‌പോട്ട് രജിസ്ട്രേഷനെത്തിയവരാണ് കൂടുതലും നിരാശരായത്. രാവിലെ 11ഓടെ സ്റ്റോക്ക് തീർന്നത് കാരണം വാക്‌സിനേഷൻ അവസാനിപ്പിച്ചു. സ്റ്റേഡിയത്തിൽ ഇന്നലെ 664 പേർക്കാണ് വാക്‌‌സിനേഷൻ നടത്തിയത്. ഇതിൽ 400 പേർ സ്‌പോട്ട് രജിസ്ട്രേഷൻ വഴിയും 224 പേർ ഓൺലൈൻ വഴിയും രജിസ്റ്റർ ചെയ്‌തവരാണ്. ഇന്ന് പ്രധാനപ്പെട്ട 18 സർക്കാർ ആശുപത്രികളിൽ കൂടി നൽകാനുള്ള 2000 ഡോസ് വാക്‌സിൻ മാത്രമാണ് ജില്ലയിലുള്ളത്. ഇതുകഴിഞ്ഞ് വാക്‌സിനെത്തിയാൽ മാത്രമേ കുത്തിവയ്പ് തുടരുകയുള്ളൂവെന്ന് ജില്ലാ ആരോഗ്യവകുപ്പ് വ്യക്തമാക്കി.

സ്റ്റേഡിയത്തിൽ ഇന്ന്

വാക്‌സിനേഷനില്ല

ജില്ലയിൽ ഇന്ന് 18 സർക്കാർ ആശുപത്രികളിൽ കൊവിഡ് വാക്‌സിനേഷനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ഫോർട്ട് താലൂക്ക് ആശുപത്രിയിലും വലിയതുറ കോസ്റ്റൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിലും കൊവാക്‌സിനും മറ്റിടങ്ങളിൽ കൊവിഷീൽഡും നൽകും. ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ ഇന്ന് വാക്‌സിനേഷൻ ഉണ്ടായിരിക്കില്ലെന്നും കളക്ടർ അറിയിച്ചു.

എല്ലാ സ്ഥാപനങ്ങളിലും 20 ശതമാനം വാക്‌സിൻ ഓൺലൈൻ രജിസ്‌ട്രേഷൻ വഴിയും ബാക്കിയുള്ളവ സെക്കൻഡ് ഡോസ് വാക്‌സിനേഷൻ എടുക്കാനുള്ളവർക്ക് സ്‌പോട്ട് രജിസ്‌ട്രേഷൻ വഴിയും നൽകും. വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും കളക്ടർ അറിയിച്ചു.