kerala-ministry

 ഇന്ന് സി.പി.എം നേതൃയോഗം

തിരുവനന്തപുരം: പുതിയ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ വേഗത്തിലാക്കാനൊരുങ്ങി ഇടതുമുന്നണി നേതൃത്വം. ഇന്ന് രാവിലെ ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം പുതിയ മന്ത്രിസഭയുടെ ഘടന സംബന്ധിച്ച ചർച്ചയിലേക്ക് കടക്കും. പിന്നാലെ സി.പി.ഐയും, മറ്റ് ഘടകകക്ഷികളുമായുമുള്ള ഉഭയകക്ഷി ചർച്ചകളും ആരംഭിക്കും.

ഇടതുമുന്നണി യോഗവും വൈകാതെ ചേരും. സി.പി.ഐ നേതൃയോഗം അടുത്ത ദിവസങ്ങളിൽ ചേരുമെന്നാണ് സൂചന.

ഇരുപത് മന്ത്രിമാരാണ് നിലവിലിരുന്ന മന്ത്രിസഭയിൽ. മന്ത്രിസഭാംഗങ്ങളുടെ എണ്ണം 21 വരെയാകാം. മിക്കവാറും ഘടകകക്ഷികളുടെ സ്ഥാനാർത്ഥികൾ വിജയിച്ച സാഹചര്യത്തിൽ ഏതൊക്കെ കക്ഷികൾക്ക് മന്ത്രിസ്ഥാനം നൽകണമെന്ന് തീരുമാനിക്കണം.. സി.പി.എമ്മിന് 67ഉം സി.പി.ഐക്ക് 17ഉം എം.എൽ.എമാരുണ്ട്. രണ്ട് പാർട്ടികളും ചേരുമ്പോൾ കേവലഭൂരിപക്ഷമായി. അവർ ചേർന്ന് കൈക്കൊള്ളുന്ന നിലപാടാകും നിർണായകം.

നൂറ് സീറ്റുകൾ നേടി അധികാരത്തിലെത്തിയ 2006ലെ ഇടതുസർക്കാരിൽ ഒറ്റ എം.എൽ.എ മാത്രമുണ്ടായിരുന്ന കക്ഷികൾക്ക് ആദ്യഘട്ടത്തിൽ മന്ത്രിസ്ഥാനം നൽകിയിരുന്നില്ല. അവസാനഘട്ടത്തിൽ ഒരു വർഷത്തേക്ക് കോൺഗ്രസ്-എസിലെ കടന്നപ്പള്ളി രാമചന്ദ്രനെ മന്ത്രിയാക്കി. ഇത്തവണ ഒറ്റ എം.എൽ.എയുള്ള കക്ഷികളുടെ എണ്ണം അഞ്ചാണ്. ലോക് താന്ത്രിക് ജനതാദൾ, ഐ.എൻ.എൽ, കേരള കോൺഗ്രസ്-ബി, കോൺഗ്രസ്-എസ്, ജനാധിപത്യ കേരള കോൺഗ്രസ് എന്നിവ. ജനതാദൾ-എസിനും എൻ.സി.പിക്കും രണ്ട് പേർ വീതവും,. കേരള കോൺഗ്രസ്-എമ്മിന് അഞ്ച് പേരുമുണ്ട്. ഒരംഗം വീതമുള്ള കക്ഷികളെ ഒഴിവാക്കിയേക്കും. കേരള കോൺഗ്രസ്-എമ്മിന് ഒരു മന്ത്രിസ്ഥാനത്തിന് പുറമേ മറ്റേതെങ്കിലും പദവി നൽകുമെന്ന് അഭ്യൂഹങ്ങളുയരുന്നു. ജനതാദൾ-എസിനും എൻ.സി.പിക്കും ഓരോ മന്ത്രിയെ ലഭിച്ചേക്കാം. കഴിഞ്ഞ തവണയും തഴയപ്പെട്ടെന്ന പരിഗണനയിൽ കേരള കോൺഗ്രസ്-ബിയിലെ ഗണേശ് കുമാറിന് ഒരവസരം നൽകുമെന്നും ശ്രുതിയുണ്ട്. ഐ.എൻ.എല്ലും എൽ.ജെ.ഡിയുമടക്കം മന്ത്രിസഭാ പ്രാതിനിദ്ധ്യമാവശ്യപ്പെട്ട് രംഗത്തെത്തിയത് സി.പി.എം നേതൃത്വത്തിന് വെല്ലുവിളിയാണ്.

മന്ത്രി സാദ്ധ്യതകൾ

സി.പി.എമ്മിൽ നിന്ന് കേന്ദ്രകമ്മിറ്റി അംഗങ്ങളായ എം.വി. ഗോവിന്ദൻ, കെ.കെ. ശൈലജ, കെ. രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ ടി.പി. രാമകൃഷ്ണൻ, എം.എം. മണി, പി. രാജീവ്, കെ.എൻ. ബാലഗോപാൽ, സംസ്ഥാനകമ്മിറ്റിയിൽ നിന്ന് വി.എൻ. വാസവൻ, എ.സി. മൊയ്തീൻ, പി. നന്ദകുമാർ, സി.എച്ച്. കുഞ്ഞമ്പു, വി. ശിവൻകുട്ടി, കടകംപള്ളി സുരേന്ദ്രൻ, മുൻമന്ത്രി കെ.ടി.ജലീൽ, വി.ജോയി തുടങ്ങിയ പേരുകൾ അന്തരീക്ഷത്തിലുയരുന്നു.

സ്പീക്കറായി വനിത?

ആദ്യത്തെ വനിതാസ്പീക്കറെന്ന പരിവേഷത്തോടെ വീണാ ജോർജിനെ സ്പീക്കർ സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള സാദ്ധ്യതകളും പ്രചരിക്കുന്നുണ്ട്. സി.പി.ഐയിൽ മുൻമന്ത്രിമാരെ വീണ്ടും പരിഗണിക്കേണ്ടെന്ന തീരുമാനം നടപ്പായാൽ ഇ.ചന്ദ്രശേഖരൻ മാറ്റിനിറുത്തപ്പെടും. മുതിർന്ന അംഗം ഇ.കെ. വിജയൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ കെ. രാജൻ, പി. പ്രസാദ്, ജെ. ചിഞ്ചുറാണി, സംസ്ഥാനകൗൺസിലിൽ നിന്ന് പി.എസ്. സുപാൽ, ജി.ആർ. അനിൽ തുടങ്ങിയ പേരുകൾ കേൾക്കുന്നു. കേരള കോൺഗ്രസ്-എമ്മിൽ റോഷി അഗസ്റ്റിനാണ് മുൻതൂക്കം.