തിരുവനന്തപുരം: സംസ്ഥാനത്ത് ആകെ പരിശോധന കുറഞ്ഞതോടെ കൊവിഡ‌് കേസുകളുടെ എണ്ണത്തിലും കുറവ്. ഇന്നലെ ജില്ലയിൽ 2,450 പേർക്കാണ് കൊവിഡ‌് സ്ഥിരീകരിച്ചത്. മേയ് രണ്ടിനെ അപേക്ഷിച്ച് ആയിരത്തോളം കേസുകളുടെ കുറവാണ് ഇന്നലെ രേഖപ്പെടുത്തിയത്. ,956 പേർ രോഗമുക്തരായി. 28,315 പേരാണ് രോഗം സ്ഥിരീകരിച്ച് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. 30ന് മുകളിലുണ്ടായിരുന്ന ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24 ശതമാനമായി കുറഞ്ഞു. അടുത്ത ദിവസങ്ങളിൽ പരിശോധന കൂടുന്നതോടെ കൊവിഡ് കേസുകളുടെ എണ്ണത്തിലും വർദ്ധനവുണ്ടാകുമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന് മുന്നോടിയായി ഇന്ന് മുതൽ ജില്ലകളിൽ കടുത്ത നിയന്ത്രണങ്ങളും ഏർപ്പെടുത്തുന്നുണ്ട്. അവശ്യ സർവീസുകൾ ഒഴികെയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും കർശന നിയന്ത്രണമാണ് ഏർപ്പെടുത്തുന്നത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 2,229 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ 5 പേർ ആരോഗ്യ പ്രവർത്തകരാണ്. ജില്ലയിൽ പുതുതായി 5,213 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇതോടെ കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 76,752 ആയി.