മലയിൻകീഴ്: തകർന്ന് തരിപ്പണമായ ഗ്രാമപഞ്ചായത്ത് റോഡുകളിലൂടെ ജീവൻ പണയപ്പെടുത്തി യാത്ര ചെയ്യേണ്ട ഗതികേടിലാണ് യാത്രക്കാർ. മലയിൻകീഴ് പഞ്ചായത്തിലെ ഓഫീസ് വാർഡിലുൾപ്പെട്ട കോയിക്കൽ - ശാന്തുമൂല റോഡ് തകർന്ന് വൻകുഴി രൂപപ്പെട്ടിട്ട് വർഷങ്ങൾ കഴിഞ്ഞു. റോഡാകെ പൊളിഞ്ഞ് കാൽനടപോലും സാദ്ധ്യമല്ല. മലയിൻകീഴ് ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോഴും മറ്റ് യാത്രബുദ്ധിമുട്ട് നേരിടുമ്പോഴും കാർ, മിനി ലോറി യാത്രക്കാർ ഈ റോഡിലൂടെയാണ് പോകാറുള്ളത്.
നിരവധി കുടുംബങ്ങളാണ് ഇൗ റോഡിന് ഇരുവശത്തുമായി താമസിക്കുന്നത്.
റോഡ് നവീകരിക്കണമെന്നാവശ്യവുമായി വിവിധ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളും നാട്ടുകാരും പഞ്ചായത്ത് അധികൃതരെയും വാർഡ് അംഗങ്ങളെയും സമീപിച്ചിട്ടും ഫലമുണ്ടായില്ല. പഞ്ചായത്തിന് അനുവദിക്കാൻ കഴിയുന്ന ഫണ്ടിന് പരിമിതിയുണ്ടത്രേ.
മേപ്പൂക്കട - കുഴയ്ക്കാട് ബസ് സർവീസ് ചില ദിവസങ്ങളിൽ മാത്രമേ ഉണ്ടാകാറുള്ളൂ. റോഡിന്റെ ശോച്യാവസ്ഥയാണ് ബസ് സർവീസ് മുടങ്ങാൻ കാരണമെന്ന് നാട്ടുകാർ പറയുന്നത്. ചീനിവിള - കുഴിവിള, ഭജനമഠം റോഡ് പുന്നാവൂർ - അറ്റത്തുകോണം, വണ്ടനൂർ - കുക്കുറുണി എന്നീ മാറനല്ലൂർ പഞ്ചായത്ത് റോഡുകളും തകർന്ന സ്ഥിതിയാണ്. വാഹനങ്ങൾ ഇതുവഴി കടന്നു പോകുന്നത് ജീവൻ പണയപ്പെടുത്തിയാണ്. മഴ പെയ്താലുടൻ കുഴികളിൽ വെള്ളം കെട്ടി നിൽക്കുന്നതും അപകടത്തിന് കാരണമാകുന്നു.
റോഡിൽ വൻ കുഴികൾ; മഴക്കാലത്ത് വെള്ളക്കെട്ടും
ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവ്
റോഡ് നവീകരണം നടത്താതെ അധികൃതർ
തകർന്ന് റോഡുകൾ
വിളപ്പിൽ, വിളവൂർക്കൽ, മാറനല്ലൂർ പഞ്ചായത്ത് പ്രദേശത്തെ റോഡുകളും തകർന്നു. വിളപ്പിൽ പഞ്ചായത്തിലെ വിളപ്പിൽശാല - ഇരട്ടക്കുളം ചൊവ്വള്ളൂർ റോഡും അപകടപാതയാണ്. വിളപ്പിൽശാലയിൽ നിന്ന് ചൊവ്വള്ളൂർ ക്ഷേത്രത്തിലേക്കുള്ള രണ്ട് കിലോമീറ്റർ ദൈർഘ്യം വരുന്ന റോഡ് തകർന്ന് കാൽനടയാത്ര പോലും ദുഃസഹമായി. പേയാട് -ചീലപ്പാറ, വടക്കേജംഗ്ഷൻ - വിളയിൽ ദേവീക്ഷേത്രം, നെടുങ്കുഴി - പരുത്തംപാറ, പ്ലാവിള - മലപ്പനംകോട്, കാവുവിള - മലപ്പനംകോട് എന്നീ റോഡുകളുടെ അവസ്ഥയും വിഭിന്നമല്ല. വിഴവൂർ - പൊറ്റയിൽ, കല്ലുപാലം - വേങ്കൂർ, കുന്നിൽവിള - പനങ്കുഴി ,പ്ലാത്തറത്തല - പഴവൂട്ടുനട ക്ഷേത്ര, പുതുവീട്ട്മേലെ - കുരിശുമുട്ടം എന്നീ വിളവൂർക്കൽ പഞ്ചായത്ത് റോഡുകളും സഞ്ചാരയോഗ്യമല്ല. മലയിൻകീഴ് പഞ്ചായത്തിലെ മേപ്പൂക്കട - കുഴയ്ക്കാട്, അന്തിയൂർക്കോണം - കല്ലുവരമ്പ്, ഇരട്ടക്കലുങ്ക് - പുത്തൻവിള, എന്നീ റോഡുകളും ദുരവസ്ഥയിലാണ്. സമീപ പഞ്ചായത്തുകളുമായി ബന്ധിപ്പിക്കുന്നവയാണ് ഇവയിൽ മിക്ക റോഡും.
കോയിക്കൽ- ശാന്തുമൂല റോഡ് നവീകരിണത്തിന് ഈ സാമ്പത്തിക വർഷത്തിൽ തുക ഉൾപ്പെടുത്തിയിട്ടുണ്ട്. ടാറിംഗ് നടത്തി റോഡ് സഞ്ചാരയോഗ്യമാക്കും.
എസ്. സുരേഷ് ബാബു, മലയിൻകീഴ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്