rt-pcr

തിരുവനന്തപുരം : ആർ.ടി.പി.സി.ആർ പരിശോധനാ നിരക്ക് 1700 രൂപയിൽ നിന്ന് 500 ആക്കി കുറച്ച സർക്കാർ നടപടി അംഗീകരിച്ച് ഭൂരിഭാഗം സ്വകാര്യ ലാബുകാരും നിരക്ക് കുറച്ചു. തലസ്ഥാനത്ത് ഉൾപ്പെടെ പ്രമുഖ ലാബുകളെല്ലാം 500 രൂപയാണ് ഈടാക്കുന്നത്. ഇത് ജനങ്ങൾക്കും ഏറെ ആശ്വാസമായി. എന്നാൽ സർക്കാർ നിശ്ചയിച്ച നിരക്ക് നഷ്ടമാണെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം ലാബുകാർ ഹൈക്കോടതിയെ സമീപിച്ചു. ആർ.ടി.പി.സി.ആർ ലാബ് കൺസോർഷ്യം നൽകിയ ഹർജി ഇന്ന് കോടതി പരിഗണിക്കും. നിരക്ക് 500 രൂപയായി കുറച്ച സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

നിരക്ക് കുറയ്ക്കുന്നത് സംസ്ഥാനത്തെ കൊവിഡ് പരിശോധനകളുടെ ഗുണനിലവാരം തകർക്കും, അല്ലാത്ത പക്ഷം ലാബുകൾക്ക് സബ്‌സിഡി നൽകി നഷ്ടം സർക്കാർ നികത്തണം, പരിശോധനകളുടെ നിരക്ക് നിശ്ചയിക്കാൻ സർക്കാരിന് അധികാരമില്ല എന്നിവയാണ് ലാബ് ഉടമകളുടെ വാദം. നിരക്ക് 500 രൂപയാക്കിയ സർക്കാർ നടപടി വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും നഷ്ടത്തിൽ പ്രവർത്തിക്കാൻ തയ്യാറാകാത്തതിന്റെ പേരിൽ കേസെടുക്കുമെന്ന് സർക്കാർ ഭീഷണിപ്പെടുത്തുന്നുവെന്നും ലാബ് ഉടമകൾ പറയുന്നു. നിരക്ക് കുറച്ച സർക്കാർ ഉത്തരവ് ഐ.സി.എം.ആർ നിർദ്ദേശങ്ങൾക്ക് വിരുദ്ധമാണന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.