case-diary-

കുന്നംകുളം: പെങ്ങാമുക്കിൽ വയോധികയെ വീട്ടിനുള്ളിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. പെങ്ങാമുക്ക് ഹൈസ്‌കൂളിന് സമീപം കൊട്ടിലിങ്ങൽ വാസുവിന്റെ ഭാര്യ സരസ്വതിയെയാണ് (62) കഴുത്തറുത്ത നിലയിൽ വീട്ടിനുള്ളിൽ നിന്നും കണ്ടെത്തിയത്.

ഇവരുടെ വീടിന് സമീപത്തെ സഹോദരന്റെ വീട്ടുപറമ്പിലേക്ക് വെണ്ടയ്ക്ക പറിക്കുന്നതിനായി പോയ സരസ്വതിയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിന് മുകളിലെ തട്ടിന് മുകളിൽ കഴുത്തറത്ത് ചോരയിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. രാവിലെ പത്തോടെ ഭർത്താവ് വാസുവാണ് മൃതദേഹം ആദ്യം കാണുന്നത്. തുടർന്ന് നാട്ടുകാരെ വിളിച്ചുകൂട്ടുകയായിരുന്നു. സമീപത്ത് വാഹനപരിശോധന നടത്തിയിരുന്ന പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കുന്നംകുളം പൊലീസ് പ്രാഥമിക നടപടികൾ നടത്തി. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇവർക്ക് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. വിശദ പരിശോധനകൾക്കായി മൃതദേഹം കുന്നംകുളം ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.