തിരുവനന്തപുരം: ഇടതുതരംഗത്തിൽ എൽ.ഡി.എഫിന് 14ൽ 13സീറ്റിലും മിന്നും വിജയം സമ്മാനിച്ച തലസ്ഥാനത്തിന് രണ്ടോ അതിൽ കൂടുതലോ മന്ത്രിസ്ഥാനം ലഭിക്കുമെന്നാണ് സൂചന. പരിചയ സമ്പന്നത, യുവത്വം, ഘടക കക്ഷികളുടെ നിർദ്ദേശം എന്നിവയ്ക്കു പുറമെ ജാതി സമവാക്യങ്ങൾ കൂടി ഇത്തവണ പരിഗണിക്കപ്പെടുമെന്നാണ് വിവരം.
കഴിഞ്ഞ മന്ത്രിസഭയിൽ കഴിവ് തെളിയിച്ച മന്ത്രിമാരെ തുടരാൻ അനുവദിച്ചാൽ ടൂറിസം, സഹകരണ, ദേവസ്വം വകുപ്പുകൾ കൈകാര്യം ചെയ്‌ത കടകംപള്ളി സുരേന്ദ്രൻ വീണ്ടും മന്ത്രിയായേക്കും. 2016ൽ 7,346 വോട്ടിന് ജയിച്ച കടകംപള്ളി ഇത്തവണ സകല പ്രവചനങ്ങളെയും തള്ളി 23,467 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ശബരിമല ഉൾപ്പെടുന്ന പത്തനംതിട്ടയെക്കാൾ ആ വിഷയം ബി.ജെ.പി ആയുധമാക്കിയ കഴക്കൂട്ടത്ത് വൻ വിജയം നേടാൻ കഴിഞ്ഞത് കടകംപള്ളിയുടെ നേട്ടമായി. തലസ്ഥാനത്തിന്റെ മന്ത്രിയെന്ന നിലയിൽ ജില്ലയിൽ നിറഞ്ഞുനിന്ന കടകംപള്ളിക്ക് വിജയത്തിലും പങ്കുണ്ടെന്ന് പാർട്ടി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
ബി.ജെ.പിയുടെ ഏക അക്കൗണ്ട് പൂട്ടിച്ച് നേമത്ത് നിന്ന് വിജയിച്ച വി. ശിവൻകുട്ടി മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാൻ സാദ്ധ്യതയുണ്ട്. മണ്ഡലം തിരിച്ചുപിടിച്ചത് പാർട്ടിയിലും ശിവൻകുട്ടിയുടെ ഗ്രാഫ് ഉയർത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ പരാജയപ്പെട്ടെങ്കിലും 9000ലധികം വോട്ടുകൾ നേടാൻ ശിവൻകുട്ടിക്ക് കഴിഞ്ഞിരുന്നു. ഈ വിശ്വാസമാണ് ശിവൻകുട്ടിയെ വീണ്ടും രംഗത്തിറക്കാൻ പാർട്ടിയെ പ്രേരിപ്പിച്ചത്.
തലസ്ഥാനത്തിന് യുവത്വത്തിന്റെ പ്രസരിപ്പ് നൽകാനാണ് പാർട്ടി തീരുമാനമെങ്കിൽ മുൻ മേയർ വി.കെ. പ്രശാന്ത് മന്ത്രിയാകും. മേയർ എന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ കേരളമൊട്ടാകെ ചർച്ച ചെയ്‌തതാണ്. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് തിരിച്ചുപിടിച്ച പ്രശാന്തിന് ഇത്തവണ വീണ്ടും ജയിക്കാൻ കഴിഞ്ഞത് അവിടെ നടത്തിയ വികസന പ്രവർത്തനങ്ങളുടെ ഫലമായാണ്. ഉപതിരഞ്ഞെടുപ്പിൽ 14,251 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നുവെങ്കിൽ ഇത്തവണ 21,515 ആയി അത് വർദ്ധിച്ചു. ജനകീയ മേയറും ജനകീയ എം.എൽ.എയുമായ പ്രശാന്തിന് ജനകീയ മന്ത്രിയാകാൻ അവസരം ലഭിക്കുമോ എന്നാണ് അറിയേണ്ടത്.
നഗരത്തിന് പുറത്ത് നിന്നൊരു മന്ത്രി വേണമെന്ന ചിന്ത സി.പി.എമ്മിലുണ്ടായാൽ ശിവഗിരി ഉൾപ്പെടുന്ന വർക്കല മണ്ഡലത്തിൽ നിന്ന് വിജയിച്ച വി. ജോയിക്ക് വീഴും. 17,821 വോട്ടിനാണ് ജോയി കോൺഗ്രസ് സ്ഥാനാർത്ഥി ബി.ആർ.എം ഷഫീറിനെ പരാജയപ്പെടുത്തിയത്. അഴൂർ പഞ്ചായത്ത് പ്രസിഡന്റ്, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാപഞ്ചായത്തംഗം എന്നീ സ്ഥാനങ്ങൾ വഹിച്ച ശേഷമാണ് ജോയി 2016ൽ വർക്കല കഹാറിനെ അട്ടിമറിച്ച് എം.എൽ.എ ആയത്. മണ്ഡലത്തിലെ വികസനകാര്യങ്ങളിൽ നൽകിയ ഉറപ്പുകൾ പാലിക്കാനായതാണ് സീറ്റ് നിലനിറുത്താൻ സഹായിച്ചതെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
നാടാർ വിഭാഗത്തിന് മന്ത്രി സ്ഥാനം നൽകാൻ തീരുമാനമുണ്ടായാൽ അരുവിക്കരയിൽ നിന്നും അട്ടിമറി വിജയം നേടിയ ജി. സ്റ്റീഫനോ നെയ്യാറ്റിൻകരയിൽ വിജയം ആവർത്തിച്ച കെ. ആൻസലനെയോ പരിഗണിക്കും. കെ.എസ്. ശബരീനാഥനെ 5056 വോട്ടുകൾക്കാണ് സ്റ്റീഫൻ പരാജയപ്പെടുത്തിയത്. 14,262 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ആൻസലൻ വിജയം ആവർത്തിച്ചത്. പട്ടികജാതി വിഭാഗത്തിൽ നിന്ന് ഒരു വനിതയെ പരിഗണിച്ചാൽ ആറ്റിങ്ങലിൽ നിന്ന് വിജയിച്ച ഒ.എസ്. അംബിക മന്ത്രിയാകും.
ജി.ആർ. അനിലോ വി. ശശിയോ?
സി.പി.ഐക്ക് കിട്ടുന്ന മന്ത്രി സ്ഥാനത്തിലൊന്ന് നെടുമങ്ങാട്ട് നിന്ന് വിജയിച്ച ജി.ആർ. അനിൽ, ചിറയിൻകീഴ് നിന്നും വിജയിച്ച വി. ശശി എന്നിവരിലൊരാൾക്ക് ലഭിക്കും. മൂന്നാംവട്ടം ജയിച്ച വി. ശശി കഴിഞ്ഞ സഭയിൽ ഡെപ്യൂട്ടി സ്പീക്കറായിരുന്നു. പരിചയ സമ്പന്നത ശശിക്ക് കരുത്താകും. അതേസമയം തലസ്ഥാനത്തുനിന്ന് സി.പി.ഐക്ക് മന്ത്രി സ്ഥാനം നൽകാൻ തീരുമാനമുണ്ടായാൽ ജി.ആർ. അനിലിന് നൽകാനായിരിക്കും സംസ്ഥാന നേതൃത്വത്തിന് താത്പര്യമെന്നാണ് സൂചന. ആറ് കക്ഷികൾക്ക് ഒരു സീറ്റ് വീതം ലഭിച്ചിട്ടുണ്ട്. അവരെ പരിഗണിക്കുകയാണെങ്കിൽ ജനാധിപത്യ കേരളാ കോൺഗ്രസിൽ നിന്നുള്ള ഏക എം.എൽ.എയായ തിരുവനന്തപുരത്തെ ആന്റണി രാജു മന്ത്രിയാകും.