തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിനേഷൻ പൂർണമായി നിലയ്ക്കുന്നു. ഇനി വളരെ കുറച്ച് ഡോസ് മാത്രമാണ് ശേഷിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ രജിസ്റ്റർ ചെയ്ത 45 വയസിന് മുകളിലുള്ളവർക്ക് ഇന്നലെ വാക്‌സിൻ നൽകിയെങ്കിലും ഇനിയും ഏറെ പേർക്ക് നൽകാനുണ്ട്. ഭൂരിഭാഗം പേരും രണ്ടാം ഡോസിനായി കാത്തു നിൽക്കുന്നവരാണ്. ഇന്നലെ 85000ത്തോളം പേർക്കാണ് വാക്‌സിൻ നൽകിയത്. ഇനി ഒന്നര ലക്ഷം ഡോസിനടുത്താണ് ബാക്കിയുള്ളത്. ഇന്നത്തോടെ ഭൂരിഭാഗം ജില്ലകളിലും വാക്‌സിൻ സ്റ്റോക്ക് പൂർണമായി തീരും.
ഇന്നലെ സംസ്ഥാനത്ത് ചുരുക്കം ചില കേന്ദ്രങ്ങളിൽ മാത്രമാണ് വാക്‌സിനേഷൻ നടന്നത്. ക്ഷാമം രൂക്ഷമായതോടെ സ്വകാര്യ ആശുപതികളിൽ വാക്‌സിനേഷൻ നിലച്ചിരിക്കുകയാണ്. ഇന്നത്തോടെ സർക്കാർ കേന്ദ്രങ്ങളിലും വാക്‌സിനേഷൻ അവസാനിക്കും. എന്നാൽ പുതിയ ഡോസ് വാക്‌സിൻ എന്ന് ലഭ്യമാകുമെന്നതിലും വ്യക്തതയില്ല. 18 വയസിന് മുകളിലുള്ളവർക്ക് നൽകാനായി വാക്‌സിൻ വാങ്ങാൻ തീരുമാനിച്ച സംസ്ഥാന സർക്കാർ നടപടികൾ ഇനിയും പൂർത്തിയായിട്ടില്ലാത്തതിനാൽ അക്കാര്യത്തിലും അവ്യക്തത തുടരുകയാണ്.