നെടുമങ്ങാട്: 1970ൽ സി.പി.ഐ സ്ഥാനാർത്ഥി കെ.ജി. കൃഷ്ണപിള്ള നേടിയ 21,548 വോട്ടുകളുടെ റെക്കാഡാണ് അരനൂറ്റാണ്ടിനുശേഷം ജി.ആർ. അനിൽ നെടുമങ്ങാട് നിയോജക മണ്ഡലത്തിൽ തിരുത്തിയത്. 23,172 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അനിലിന്റെ ഗംഭീര വിജയം.
മത്സരിച്ച എല്ലാതിരഞ്ഞെടുപ്പുകളിലും വിജയക്കൊടി പാറിച്ച ആശാനെന്ന ചെല്ലപ്പേരിൽ അറിയപ്പെട്ടിരുന്ന കെ.വി. സുരേന്ദ്രനാഥിനോ യു.ഡി.എഫിനുവേണ്ടി മണ്ഡലം തിരിച്ചുപിടിച്ച് ദീർഘകാലം നിലനിറുത്തിയ കോൺഗ്രസ് നേതാവ് പാലോട് രവിക്കോ കഴിയാത്ത നേട്ടമാണിതെന്ന് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നു. നഗരസഭ ഉൾപ്പെടെ മണ്ഡലത്തിലെ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളും ഉറച്ച പിന്തുണയാണ് അനിലിന് നൽകിയത്.
അണ്ടൂർക്കോണം, പോത്തൻകോട്, മാണിക്കൽ, വെമ്പായം, കരകുളം പഞ്ചായത്തുകളും നെടുമങ്ങാട് നഗരസഭയും ഉൾപ്പെട്ടതാണ് നെടുമങ്ങാട് മണ്ഡലം. നിയമസഭ, പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ ഇടത് ആഭിമുഖ്യം അകമഴിഞ്ഞ് പ്രകടിപ്പിക്കാൻ മടിക്കാറുള്ള അണ്ടൂർക്കോണം, പോത്തൻകോട് പഞ്ചായത്തുകളും വലിയ ഭൂരിപക്ഷം നൽകി. അണ്ടൂർക്കോണം - 2200, പോത്തൻകോട് - 3800, വെമ്പായം - 2200, മാണിക്കൽ - 3600, നെടുമങ്ങാട് നഗരസഭ - 5566 എന്നിങ്ങനെയാണ് ജി.ആർ അനിലിന് ലഭിച്ച ഭൂരിപക്ഷം. ചരിത്ര വിജയം സമ്മാനിച്ച വോട്ടർമാർക്ക് ജി.ആർ. അനിലും എൽ.ഡി.എഫ് മണ്ഡലം ഭാരവാഹികളായ അഡ്വ. ആർ. ജയദേവൻ, പാട്ടത്തിൽ ഷെരീഫ് എന്നിവരും നന്ദി അറിയിച്ചു.