തിരുവനന്തപുരം: ക്വാറന്റൈനിൽ കഴിയുന്നവർ പുറത്തുപോകുന്നില്ലെന്ന് ഉറപ്പാക്കാനായി പഞ്ചായത്തുകളിലെ എല്ലാ വാർഡിലും ഒരു വനിതാ പൊലീസ് ഓഫീസറെ വീതം നിയോഗിക്കും. വനിതാ പൊലീസ് സ്റ്റേഷൻ, വനിതാ സെൽ, വനിതാ സ്വയം പ്രതിരോധ സംഘം എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുക. സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ ഇവരുടെ പ്രവർത്തനം നിരീക്ഷിക്കും. സംസ്ഥാന വനിതാ സെല്ലിലെ പൊലീസുകാരെയും ഇത്തരം പ്രവർത്തനങ്ങൾക്ക് നിയോഗിക്കാൻ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർക്കും തിരുവനന്തപുരം റൂറൽ പൊലീസ് മേധാവിക്കും നിർദ്ദേശം നൽകി.
വനിതാ പൊലീസ് ഉദ്യോഗസ്ഥരെ പരമാവധി അവരുടെ നാട്ടിൽ തന്നെ നിയോഗിക്കും. ഓക്സിജൻ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് തടസ്സമുണ്ടാകാതിരിക്കാൻ സ്റ്റേഷൻ ഹൗസ് ഓഫീസർമാർ സൗകര്യമൊരുക്കും. ഓക്സിജൻ, മരുന്നുകൾ എന്നിവയുടെ നീക്കം തടസ്സപ്പെടാതിരിക്കാൻ എല്ലാ ജില്ലകളിലും ഒരു നോഡൽ ഓഫീസറെ ജില്ലാ പൊലീസ് മേധാവി നിയോഗിക്കും. ഓക്സിജൻ കൊണ്ടുപോകുന്ന ഗ്രീൻ കോറിഡോർ സംവിധാനത്തിന്റെ നോഡൽ ഓഫീസറായി ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയെ നിയോഗിച്ചു. അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ ക്രമസമാധാനപ്രശ്നങ്ങൾ ഒഴിവാക്കുന്നതിന് സ്റ്റേഷൻ ഹൗസ് ഓഫീസർമാർ പ്രത്യേകം ശ്രദ്ധ പതിപ്പിക്കും. ഇത്തരം ക്യാമ്പുകളിൽ ദിവസേന സന്ദർശനം നടത്തണമെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും ഡി.വൈ.എസ്.പിമാർക്കും ഡി.ജി.പിയുടെ നിർദ്ദേശമുണ്ട്.