പോത്തൻകോട് : കബളിപ്പിക്കപ്പെട്ട ഭൂ ഉടമ, വസ്തുവാങ്ങിയ ആളിന്റെ വീടിന് മുന്നിൽ വിഷംകഴിച്ച് മരിച്ചു. കാട്ടായിക്കോണം ചന്തവിള രാഹുൽ നിവാസിൽ രാമചന്ദ്രൻ (55 ) ആണ് ആത്മഹത്യചെയ്തത്. ഇക്കഴിഞ്ഞ 29 നാണ് വിഷം കഴിച്ചത്. പിറ്റേന്നു പുലർച്ചെ മരിച്ചു. രാമചന്ദ്രന്റെ ചന്തവിളയിലെ വസ്തു എട്ടുവർഷം മുമ്പാണ് മുട്ടട സ്വദേശിക്ക് വിലയാധാരമായി പ്രമാണം ചെയ്തത്. രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായാൽ ഉടൻ പണം നൽകാമെന്നായിരുന്നു വാഗ്ദാനം. എന്നാൽ രജിസ്‌ട്രേഷൻ കഴിഞ്ഞതുമുതൽ ഓരോഅവധികൾ പറഞ്ഞു രാമചന്ദ്രനെ മടക്കിയച്ചിരുന്നു. വസ്തുവിന്റെ പണം തരുന്നില്ലെങ്കിൽ വസ്തു തിരിച്ചെഴുതണമെന്ന ആവശ്യവും ഇയാൾ മുഖവിലയ്‌ക്കെടുത്തില്ല. സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ടാണ് സ്ഥലം വിൽക്കാൻ തീരുമാനിച്ചത്. 29നും വസ്തുവിന്റെ പണത്തിനായി രാമചന്ദ്രൻ ഇടപാടുകാരന്റെ മുട്ടടയിലെ വീട്ടുപടിക്കൽ എത്തിയിരുന്നു. എന്നാൽ പണം നൽകാൻ അയാൾ കൂട്ടാക്കിയില്ല. അതേത്തുടർന്നാണ് അവിടെവച്ച് വിഷം കഴിച്ചത്. വിശദമായ ആത്മഹത്യ കുറിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇടപാടുകാരനെതിരെ ബന്ധുക്കൾ പേരൂർക്കട പൊലീസിൽ പരാതി നൽകി. ആശാവർക്കറായ രതി എസ്.ആണ് രാമചന്ദ്രന്റെ ഭാര്യ. മക്കൾ: രാഹുൽ ചന്ദ്രൻ, രാഖി ചന്ദ്രൻ.