കിളിമാനൂർ: ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയ വയോധികർ കാത്തുനിന്നത് മണിക്കൂറുകൾ. രാവിലെ എത്തിയവർക്ക് പെൻഷൻ ലഭിച്ചത് ഉച്ചക്ക് ശേഷം. കിളിമാനൂർ സബ് ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയവരുടെ അവസ്ഥയാണിത്. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച പഴയകുന്നുമ്മൽ പഞ്ചായത്തിലെ ട്രഷറിയിൽ പെൻഷൻ വിതരണത്തിന്റെ ആദ്യ നാളുകളിൽ തന്നെ നാനൂറോളം വരുന്ന വയോധികരാണ് എത്തിയത്. രാവിലെ 8 മുതൽ തന്നെ നിരവധി പേർ എത്തി തുടങ്ങിയിരുന്നു 10 മണി കഴിഞ്ഞതോടെ 300 കടന്നു. എന്നാൽ ഉച്ചയായിട്ടും പെൻഷൻ വിതരണം ആരംഭിച്ചില്ല. ഉച്ചക്ക് രണ്ട് മണിയായതോടെ സിസ്റ്റം തകരാറിലാണെന്ന സ്ഥിരം പല്ലവിയുമായി ഉദ്യോഗസ്ഥർ എത്തി. കാലതാമസം ഉണ്ടാകുമെന്ന് പറയാൻ പോലും ഉദ്യോഗസ്ഥർ തയ്യാറായില്ലെന്നാണ് പെൻഷൻകാരുടെ മറുപടി. ഒടുവിൽ സിസ്റ്റം ശരിയാക്കി 2.30 നു ശേഷമാണ് പെൻഷൻ വിതരണം ആരംഭിച്ചത്.