tree

കല്ലറ: മരം കടപുഴകി വീണ് ഗതാഗതവും വൈദ്യുതി വിതരണവും തടസപ്പെട്ടു. കഴിഞ്ഞ ദിവസം കല്ലറ കുറ്റിമൂട് കാഞ്ഞിരംപാറ റോഡിലേക്കാണ് മരം വീണത്. സമീപത്ത് നിന്ന പ്ലാവ് കടപുഴകി വൈദ്യുതി ലൈനിലേക്കും റോഡിലേക്കുമായി വീഴുകയായിരുന്നു.

മരം വീണ് രണ്ട് ഇലക്ട്രിക് പോസ്റ്റുകൾ തകരുകയും കമ്പികൾ പൊട്ടുകയും ചെയ്തതോടെ മണിക്കൂറുകളോളം പ്രദേശത്ത് വൈദ്യുതി വിതരണം തടസപ്പെട്ടു. ഗതാഗതവും തടസപ്പെട്ടു. വെഞ്ഞാറമൂട് ഫയർ സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരെത്തി മരം മുറിച്ചുമാറ്റിയ ശേഷം ഗതാഗതം പുനരാരംഭിച്ചു. കല്ലറ ഇലക്ട്രിക് സെക്ഷനിൽ നിന്ന് ജീവനക്കാർ എത്തി പോസ്റ്റുകൾ പുനഃസ്ഥാപിച്ച് വൈദ്യുതി വിതരണവും ആരംഭിച്ചു.