പേരാമ്പ്ര: ഇടതു സർക്കാറിന്റെ തുടർ ഭരണത്തിൽ പ്രതീക്ഷയർപ്പിക്കുകയാണ് മലയോരത്തെ തൊഴിൽ മേഖല. നിരവധി പരമ്പരാഗത കുടിൽ വ്യവസായങ്ങളും കൈ തൊഴിൽ മേഖലയും കൊവിഡ് മഹാമാരിയിൽ പ്രതിസന്ധിയിലായി. ആവശ്യത്തിന് അസംസ്‌കൃത വസ്തുകൾ ലഭ്യമാകാതെയും വിലക്കയറ്റവുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ആയിരങ്ങളുടെ ഉപജീവനമാർഗമായ കൊല്ലപ്പണി, മൺപാത്ര നിർമ്മാണ മേഖല, ശില്പ നിർമ്മാണ മേഖല, മറ്റു കുടിൽ ഉത്പ്പന്ന നിർമ്മാണ മേഖല എന്നിവയെ
പ്രതിസന്ധി തകർത്തു.
കാർഷിക മേഖലയും തകർച്ചയിലാണ്. ആവശ്യത്തിന് വിത്തിനങ്ങൾ ലഭ്യമാകുന്നില്ലെന്നും കൃഷിഭവൻ വഴി ഗുണനിലവാരമുള്ള വിത്തിനങ്ങൾ ഉറപ്പാക്കണമെന്നും കർഷകർ പറയുന്നു. കിഴക്കൻ മലയോരത്താകട്ടെ വന്യമൃഗ ശല്യം കാരണം കർഷകർ വലിയ ദുരിതത്തിലാണ്. കാട്ടുപന്നികൾ, കുരങ്ങുകൾ, കാട്ടാനകൾ എന്നിവ വ്യാപകമായി കൃഷിയിടങ്ങളിലിറങ്ങുകയാണ്.
വനമേഖലയും കൃഷി മേഖലയും വേർതിരിച്ച് സംരക്ഷിക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. കോഴിക്കോട് ജില്ലയുടെ കിഴക്കൻ ഭാഗങ്ങളിൽ തെങ്ങ്, കമുക് തുടങ്ങിയ ഫലവൃക്ഷങ്ങൾക്ക് വിവിധങ്ങളായ രോഗങ്ങൾ പടർന്നു പിടിക്കുകയാണ് ഇതുകാരണം ലക്ഷങ്ങളുടെ കൃഷിനാശമാണ് ഓരോ വർഷവും ഉണ്ടാവുന്നത്. അടുത്ത കാലത്ത് കുരുമുളക് കൃഷിയെയും ഇത് ബാധിച്ചിരിക്കുന്നു. ഫലപ്രദമായ മരുന്നുകളും ആവശ്യമായ പ്രതിരോധ മരുന്നുകളും ഉല്പാദിപ്പിച്ച് കൃഷിഭവൻ വഴി വിതരണം ചെയ്യണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിവിധ മേഖലയിൽ വികസനത്തിന് നാന്ദി കുറിക്കുകയും മിക്കവയും യാഥാർത്ഥ്യമാക്കുകയും ചെയ്ത എൽ.ഡി.എഫ് സർക്കാർ മേഖലയിൽ വൻ ഭൂരിപക്ഷത്തോടെയാണ് ചരിത്ര വിജയം നേടിയത്. ഇത് അടിസ്ഥാന ജനവിഭാഗങ്ങളിലുൾപ്പെടെ വലിയ ഉണർവും പ്രതീക്ഷയും ആത്മ വിശ്വാസവും വളർത്തിയിരിക്കുകയാണ്.
മലബാറിന്റെ നെല്ലറയായ ആവള പാണ്ടിയിലെ കർഷകരുടെ തരിശു നെൽകൃഷി വ്യാപനം എന്ന സങ്കൽപവും മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമ്മാണ പ്രതീക്ഷകളും യാഥാർത്ഥ്യമാവും. മേഖലയിലെ നാട്ടുകൂട്ടങ്ങളും ആഴ്ചചന്തകൾക്കും പുത്തൻ ഉണർവേകും. ക്ഷീര കർഷകർ, ഔഷധ കൃഷിക്കാർ, ചെറുകിട ഉത്പാദകർ, പരമ്പരാഗത കൈത്തൊഴിൽ മേഖല, വന്യമൃഗ ഭീഷണി നേരിടുന്ന ചെമ്പനോട പെരു വണ്ണാമൂഴി മേഖലയിലെ കർഷകർ, തുടങ്ങിയവരും വലിയ ആഹ്ലാദത്തിലാണ്.
ആർദ്രം പദ്ധതിയിലുൾപ്പെടുത്തിയുള്ള പേരാമ്പ്ര താലൂക്ക് ആശുപത്രിയുടെയും മറ്റു ആശുപത്രികളുടെയും
വികസനം മേഖലയിലെ പെയിൻ ആന്റ് പാലിയേറ്റീവ് മേഖല, വിനോദ സഞ്ചാര മേഖല, കർഷക തൊഴിലാളികൾ തുടങ്ങി സർവ്വമേഖലകളിലും വികസനം സാധ്യമാക്കുന്ന പ്രകടനപത്രിക യാഥാർത്യമാക്കുമെന്ന നേതാക്കളുടെ
വാക്കുകളും ഏറെ ആത്മവിശ്വാസമാണ് മേഖലയിലുണ്ടാക്കിയത്.