jameela

കൊയിലാണ്ടി: കൊയിലാണ്ടിയിൽ നിന്ന് വിജയിച്ച കാനത്തിൽ ജമീല മന്ത്രി സ്ഥാനത്തെത്തുമെന്ന പ്രതീക്ഷയിലാണ് കൊയിലാണ്ടിയിലെ ജനങ്ങൾ. സി.പി.എം ജില്ലാ കമ്മിറ്റി അംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ സംഘടനാ രംഗത്ത് പ്രവർത്തിച്ച് വരികയാണ് കാനത്തിൽ ജമീല. ഭരണ രംഗത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയാണ് അവർ. 1995ൽ തലക്കുളത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, 2000ത്തിൽ തലക്കുളത്തൂർ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ, 2005ൽ ചേളന്നൂർ ബ്ലോക്ക് ഗ്രാമ ഞ്ചായത്ത് പ്രസിഡന്റ്, 2010 ലും 2020 ലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നീ രംഗത്തെ പ്രവർത്തന മികവും കാനത്തിൽ ജമീലയുടെ മന്ത്രി സാദ്ധ്യത വർദ്ധിപ്പിക്കുന്നു.

സ്ത്രീ-ന്യൂനപക്ഷ പ്രാതിനിധ്യം മന്ത്രിസഭയിൽ ഉറപ്പു വരുത്താനും കാനത്തിൽ ജമീലയ്ക്ക് മന്ത്രി പദവി നൽകുന്നതിലൂടെ കഴിയും. യു.ഡി.എഫ് സർക്കാറിന്റെ കാലത്താണ് കൊയിലാണ്ടിയിൽ നിന്ന് ജയിച്ചവർ മന്ത്രിമാരായത്. എം.ടി. പത്മയും, പി. ശങ്കരനും കൊയിലാണ്ടിയിൽ നിന്ന് ജയിച്ച് മന്ത്രിമാരായവരാണ്. 8742 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കാനത്തിൽ ജമീല വിജയിച്ചത്. പയ്യോളി നഗരസഭ, തിക്കോടി ഗ്രമാ പഞ്ചായത്ത് എന്നിവിടങ്ങളിൽ വലിയ തോതിൽ മുസ്ലിം വോട്ടുകൾ എൽ.ഡി.എഫിന് അനുകൂലമായി ലഭിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.