mukkam

മുക്കം: തിങ്കളാഴ്ച പുലർന്നപ്പോൾ മുക്കം സി.എച്ച്.സിയിൽ വൻ ജനക്കൂട്ടം. അഞ്ഞൂറിനും അറുന്നൂറിനുമിടയിലുള്ള ആൾക്കൂട്ടം എത്തിയത് രണ്ടാം ഡോസ് വാക്‌സിൻ എടുക്കാൻ. 60 കഴിഞ്ഞവർ രണ്ടാം ഡോസ് വാക്‌സിൻ എടുക്കാൻ തിങ്കളാഴ്ച സി.എച്ച്.സിയിൽ എത്തണമെന്ന വാട്‌സ്ആപ് സന്ദേശം കണ്ടാണ് എല്ലാവരും എത്തിയത്. എന്നാൽ ആശുപത്രിയിൽ 150 പേർക്ക് നൽകാനുള്ള വാക്‌സിൻ മാത്രമാണ് സ്റ്റോക്ക് ഉണ്ടായിരുന്നത്. ഇത്രയും പേർക്ക് മാത്രം ടോക്കൺ നൽകി മറ്റുള്ളവരോട് തിരിച്ചു പോകാൻ ആവശ്യപ്പെട്ടതോടെ ബഹളമായി. ഇത്രയും നേരം തങ്ങളെ എന്തിന് വരി നിർത്തി എന്നായി ആളുകൾ. 7 മണി മുതൽ ആശുപത്രിയിലെത്തി കാത്തിരുന്നവരാണ് ഇപ്രകാരം ബഹളമുണ്ടാക്കിയത്. ഒടുവിൽ പൊലീസെത്തി ശാന്തമാക്കുകയായിരുന്നു. ഇക്കഴിഞ്ഞ 19,20 തീയതികളിൽ മുക്കം നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ 10 മെഗാ വാക്‌സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിച്ചതും ഓരോ ക്യാമ്പിലും 800 ഉം 1000 വും ആളുകൾ പങ്കെടുത്തതും രോഗവ്യാപനം വർദ്ധിപ്പിക്കാൻ അവസരമൊരുക്കി എന്ന പരാതി നിലനിൽക്കുന്നതിനിടെയാണ് തെറ്റായ അറിയിപ്പ് നൽകി നൂറുകണക്കിനാളുകളെ ആശുപത്രിയിലെത്തിച്ച് കഷ്ടപ്പെടുത്തിയ സംഭവം. ഈ സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി വേണമെന്ന് വാക്‌സിനെടുക്കാനെത്തിയവർ
ആവശ്യപ്പെട്ടു. തിങ്കളാഴ്ച മുക്കത്തെ വിവിധ സ്വകാര്യ ലാബുകളിൽ പരിശോധന നടത്തിയ 86 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 42 പേർ മുക്കം നഗരസഭയിലുള്ളവരും 21 പേർ കാരശേരിക്കാരുമാണ്. മറ്റുള്ളവർ വിവിധ പഞ്ചായത്തുകളിൽ നിന്നെത്തിയവരും.