police

വിതുര: വിതുര, തൊളിക്കോട്, ആര്യനാട്, നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകളിൽ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. രോഗം ബാധിച്ച് അനവധിപേരുടെ ജീവൻ കൂടി പൊലിയുകയും ചെയ്തതോടേ മലയോരം കടുത്ത ആശങ്കയിലാണ്.

പഞ്ചായത്തുകളുടെ നേതൃത്വത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ടെങ്കിലും രോഗത്തെ പിടിച്ചുകെട്ടാൻ കഴിയുന്നില്ല. കൊവിഡ് വ്യാപനവും മരണവും രൂക്ഷമായ സാഹചര്യം മുൻനിറുത്തി വിതുര, തൊളിക്കോട് പഞ്ചായത്തുകളിൽ പൊലീസ് നിയന്ത്രണങ്ങൾ ശക്തമാക്കി. ജില്ലാഭരണകൂടത്തിന്റെയും പഞ്ചായത്തുകളുടെയും നിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കാനാണ് തീരുമാനം.

വിതുരയിൽ മുഴുവൻ വാർഡുകളും കണ്ടെയ്ൻമെന്റ് സോണുകളായതോടെ സുരക്ഷ ശക്തമാക്കി. കഴിഞ്ഞ ദിവസം പഞ്ചായത്ത് പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ പ്രധാന പാതകളിലെല്ലാം പരിശോധന കർശനമാക്കി. വിതുര കലുങ്ക് ജംഗ്ഷനിലെ രണ്ടു റോഡുകളിൽ ഒന്ന് കയർ കെട്ടി അടച്ചു.

ജംഗ്ഷനിലൂടെ പോകുന്ന വാഹനങ്ങൾ പരിശോധനയ്ക്കുശേഷം മാത്രമാണ് കടത്തി വിടുന്നത്.

പൊന്മുടി റോഡിലെ കല്ലാർ, ആനപ്പാറ ബോണക്കാടേക്കുതിരിയുന്ന തേവിയോട് എന്നിവിടങ്ങളിലും പരിശോധന കർശനമാക്കി. പ്രധാന ജംഗ്ഷനുകളായ കൊപ്പം, ചേന്നൻപാറ, ചായം, ചെറ്റച്ചൽ, തൊളിക്കോട്, പുളിമൂട്, തോട്ടുമുക്ക്, പനയ്ക്കോട്, കല്ലാർ, ആനപ്പാറ, തേവിയോട് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പൊലീസ് ബൈക്കിൽ റോന്തു ചുറ്റുന്നുണ്ട്.

കൂട്ടം കൂടി നിൽക്കുന്നവർക്കും മാസ്ക് ധരിക്കാത്തവർക്കുമെതിരെ പിഴ ചുമത്തി തുടങ്ങി. ഉച്ചയ്ക്ക് 2 മണി വരെ മാത്രം പ്രവർത്തിക്കാൻ അനുവാദമുള്ള കടകൾ സമയത്തിനുശേഷം തുറന്നിരിക്കാൻ പാടില്ലെന്ന് കച്ചവടക്കാർക്ക് നിർദ്ദേശം നൽകി. സബ് ട്രഷറി, ബാങ്കുകൾ, അക്ഷയകേന്ദ്രം എന്നിവിടങ്ങളിൽ ആളുകൾ കൂട്ടം കൂടാതിരിക്കാനും പൊലീസ് ഇടപെടുന്നുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന് സി.ഐ വിപിൻ ഗോപിനാഥ് അറിയിച്ചു.

വിതുര പൊലീസ് സ്റ്റേഷനിൽ 7 പേർക്ക് കൊവിഡ്

ഒരാഴ്ചയ്ക്കുള്ളിൽ വിതുര സ്റ്റേഷനിലെ ഏഴു പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചത് ആശങ്കയാകുന്നുണ്ട്. കഴിഞ്ഞ ദിവസം രണ്ടു പേരുടെ പരിശോധനാഫലം പോസിറ്റീവായതോടെയാണ് എണ്ണം ഏഴായത്. ഒരാഴ്ച മുൻപ് പ്രിൻസിപ്പൽ എസ്.ഐ ഉൾപ്പടെ നാലു പേർക്കും മൂന്നു ദിവസം മുൻപ് ഒരാളിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഡ്യൂട്ടിക്കുള്ള പൊലീസുകാരുടെ എണ്ണം കുറയുന്നത് കൃത്യനിർവഹണത്തെ ബാധിക്കുമെന്നതിനൊപ്പം കൂടുതൽ പേർക്ക് രോഗം ബാധിക്കാനുള്ള സാദ്ധ്യത നിലനിൽക്കുന്നതും സ്റ്റേഷൻ പ്രവർത്തനത്തെ കാര്യമായി ബാധിക്കുമെന്നാണ് ആശങ്ക.

വിതുരയിൽ 28 പേർക്ക് കൂടി കൊവിഡ്

വിതുര ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ നടന്ന പരിശോധനയിൽ പഞ്ചായത്തിൽ 28 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ പഞ്ചായത്തിൽ കൊവിഡ് പിടികൂടിയവരുടെ എണ്ണം 300 കടന്നു. രോഗം ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം ഏഴായി. വിതുര പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കൊവിഡ് ബാധിച്ച് വീടുകളിൽ കഴിയുന്നവർക്ക് വനിതാപഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിൽ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു.

തൊളിക്കോട്ട് 200 പേർക്ക് കൊവിഡ്

തൊളിക്കോട് പഞ്ചായത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം 200 ആയി. ഇതുവരെ 14 പേർ രോഗബാധയെ തുടർന്ന് മരിച്ചു. തൊളിക്കോട് പഞ്ചായത്തിന്റെയും, തൊളിക്കോട്, മലയടി കുടുംബാരോഗ്യകേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ശക്തമായ പ്രതിരോധപ്രവർത്തനങ്ങൾ നടക്കുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ. സുരേഷ് അറിയിച്ചു.

വിതുരയിൽ കൊവിഡ് കെയർ സെന്റർ തുടങ്ങും

കൊവിഡ് വ്യാപനം മുൻനിറുത്തി വിതുര പഞ്ചായത്തിൽ കൊവിഡ് കെയർ സെന്റർ ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ബാബുരാജ് അറിയിച്ചു. ആനപ്പാറ ഗവൺമെന്റ് ഹൈസ്കൂളാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. പഞ്ചായത്തിൽ മൂന്നൂറിൽ പരം പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. രോഗം ബാധിച്ച് വീടുകളിൽ കഴിയുന്നവർ ബുദ്ധിമുട്ടുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് കൊവിഡ് സെന്റർ തുടങ്ങാൻ തീരുമാനിച്ചതെന്ന് പ്രസിഡന്റ് അറിയിച്ചു.