തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ശമ്പള വിഹിതം നൽകാൻ തയ്യാറാകാത്ത ജീവനക്കാർക്ക് വീണ്ടും വിസമ്മത പത്രം. പിടിച്ചു വച്ച ശമ്പളം തിരിച്ചു നൽകുമ്പോഴാണ് വാക്സിൻ ചലഞ്ചിലേക്ക് സംഭാവന ചെയ്യാത്തവരിൽ നിന്ന് വിസമ്മത പത്രം ശേഖരിക്കുന്നത്.

കഴിഞ്ഞ തവണ സർക്കാർ ഏർപ്പെടുത്തിയ സാലറി ചലഞ്ചിൽ ദുരിതാശ്വാസ നിധിയിലേക്ക് ശമ്പള വിഹിതം കൊടുക്കാൻ തയ്യാറല്ലാത്തവർ വിസമ്മത പത്രം നൽകണമെന്ന വിവാദ ഉത്തരവ് 2018 സെപ്തംബർ 9ന് ഹൈക്കോടതി റദ്ദാക്കിയിരുന്നു. . ഒക്ടോബർ 29 ന് സുപ്രീംകോടതിയും

ഈ വിധി ശരിവച്ചു. താത്പര്യമുളളവർക്ക് ശമ്പളം പിടിക്കാനുള്ള സമ്മത പത്രത്തിന് അവസരം നൽകാമെന്നായിരുന്നു കോടതി നിർദ്ദേശം.

കഴിഞ്ഞ തവണ ആറു ദിവസം വീതം അഞ്ചു തവണയായി ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളമാണ് പിടിച്ചു വച്ചത്. ഈ തുക മേയ് മുതൽ അഞ്ചു തവണയായി തിരികെ നൽകുമെന്നാണ് സർക്കാർ പറഞ്ഞിരുന്നത്. തിരികെ നൽകുന്ന ശമ്പളത്തിൽ നിന്ന് താത്പര്യമുള്ളത്ര ഗഡുക്കൾ സംഭാവന ചെയ്യാൻ സംവിധാനമൊരുക്കുമെന്നാണ് ഏപ്രിൽ 30ന് ഫേസ് ബുക്ക് പേജിൽ ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയത്. എന്നാൽ വിവിധ വകുപ്പ്, സ്ഥാപന മേധാവികൾ ജീവനക്കാർക്ക് നൽകിയ സർക്കുലറുകളിൽ ശമ്പള വിഹിതം നൽകാൻ തയ്യാറാണോ എന്ന് വ്യക്തമാക്കണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. തയ്യാറാവാത്തവരും അക്കാര്യം മേയ് 5 ന് മുമ്പ് സ്ഥാപന മേധാവിയെ അറിയിക്കണം..

നിർബന്ധിത

പിരിവെന്ന്

എൻ.ജി.ഒ യൂണിയൻ പ്രവർത്തകർ ദുരിതാശ്വാസനിധിയിലേക്കുള്ള സമ്മതപത്രം നിർബന്ധമായി ശേഖരിക്കുന്നുവെന്ന ആരോപണവും ഉയരുന്നു. പൊതുസ്ഥലം മാറ്റം പൂർത്തിയാവാത്ത സ്ഥിതിക്ക് ജീവനക്കാരെ ഭീഷണിപ്പെടുത്തി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന പിരിക്കുകയാണെന്നാണ് മറ്റ് സംഘടനകൾ ആരോപിക്കുന്നത്. സംഭാവന നൽകാൻ താത്‌ര്യമുള്ളവരിൽ നിന്ന് താത്പര്യമുള്ള ഗഡുക്കൾ എന്നതിന് പകരം, ഇഷ്ടമുള്ള തുക ശേഖരിക്കാൻ സ്പാർക്കിൽ സംവിധാനമുണ്ടാക്കണമെന്നാണ് അവരുടെ ആവശ്യം.