കല്ലമ്പലം: ദേശീയപാതയിൽ കല്ലമ്പലം ആഴാംകോണം ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി ബസും മിനി വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, 27 പേർക്ക് പരിക്കേറ്റു. മിനി വാനിലെ ഡ്രൈവർ ആലപ്പുഴ പുന്നപ്ര സ്വദേശി മുനീറാണ് (30) മരിച്ചത്. മുനീറിന്റെ സഹായി കുറവൻതോട് സ്വദേശി പള്ളി വെളി തൻസീറിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്കേറ്റ ബസ് ഡ്രൈവർ പരവൂർ സ്വദേശിയായ സന്തോഷ് കുമാർ, വനിതാ കണ്ടക്ടർ ട്വിസി വിശാഖ്, ബസ് യാത്രക്കാരായ കുളച്ചൽ സ്വദേശികളായ യൂജിൻ, രാജേഷ്, രാജ്, ആന്റണി, കല്ലട സ്വദേശികളായ വത്സല, പ്രസാദ്, ചാത്തന്നൂർ സ്വദേശികളായ സജിത, നിതീഷ്, അഖിലേഷ്, സിജിൻ, പുന്നപ്ര സ്വദേശി അനീഷ്, കൊല്ലങ്കോട് സ്വദേശികളായ റൂബിൻ, ബിൽബെർട്ട്, ആറ്റിങ്ങൽ സ്വദേശികളായ ശാരദാമണി, പ്രണവ്, മനൂപ്, രാമനാഥപുരം സ്വദേശികളായ ബീര മുഹിദ്ദീൻ, മുത്തുകൃഷ്ണൻ, നാഗർകോവിൽ സ്വദേശി വില്ല്യം, കല്ലുവാതുക്കൽ സ്വദേശി ഗീത, ചിറയിൻകീഴ് സ്വദേശി വിനോദ്, നെടുമങ്ങാട് സ്വദേശി അക്ഷയ്, തമിഴ്നാട് സ്വദേശി റസീൽ, കൊല്ലം സ്വദേശികളായ ജയകുമാർ, പ്രിൻസി, വണ്ടാനം സ്വദേശി തുടങ്ങിയവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 12.15ഓടെയായിരുന്നു അപകടം. ചാത്തന്നൂർ ഡിപ്പോയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചറും എതിർദിശയിൽ മീൻ കയറ്റി വന്ന മിനി ഫ്രീസർ വാനുമാണ് കൂട്ടിയിടിച്ചത്. മിനി വാനിലെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് സംശയിക്കുന്നു. പൊലീസ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് വാനിൽ നിന്ന് മുനീറിനെയും സഹായിയെയും പുറത്തെടുത്തത്.