പാലോട്: സർക്കാർ കൊവിഡ് നിയന്ത്രണം കർശനമാക്കിയതോടെ മലയോരമേഖലയിൽ പരിശോധന കടുപ്പിച്ച് പാലോട് പൊലീസ്.നന്ദിയോട്, പേരയം, മടത്തറ, ജവഹർ കോളനി, ഇടിഞ്ഞാർ, പെരിങ്ങമ്മല, കാലൻകാവ് എന്നിവിടങ്ങളിൽ കർശന പരിരോധനക്ക് ശേഷമാണ് വാഹനങ്ങൾ കടത്തിവിടുന്നത്. നിലവിൽ മെഡിക്കൽ ഷോപ്പുകൾ, അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ, പെട്രോൾ പമ്പുകൾ എന്നിവ മാത്രമാണ് പ്രവർത്തിക്കുന്നത്. പെരിങ്ങമ്മല, നന്ദിയോട് പഞ്ചായത്തുകൾ പൂർണമായും പനവൂർ പഞ്ചായത്തിലെ രണ്ടുവാർഡുകളിലും രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ പരിശോധന കൂട്ടി. ടൂറിസം മേഖലയായ മീൻമുട്ടി, മങ്കയം, ബ്രൈമൂർ എന്നിവിടങ്ങളിൽ പ്രവേശനവിലക്കുണ്ട്. ആദിവാസിമേഖലകളായ നാഗര, പ്രാമല, കരിമ്പിൻകാല, ആലുങ്കുഴി, പേരയം, നീർപ്പാറ, പച്ചമല, താന്നിമൂട്, വെട്ടിക്കാട്, കൊന്നമൂട്, മുത്തിക്കാണി, വെങ്കിട്ടമൂട്, ഞാറനീലി, ഇലഞ്ചിയം, ആലുംമ്മൂട് എന്നിവിടങ്ങളിൽ പൊലീസും വനംവകുപ്പും പരിശോധന നടത്തുന്നുണ്ട്. ബിവറേജ് ഔട്ട്ലറ്റുകൾ അടച്ചതിനെ തുടർന്ന് വ്യാജമദ്യം നിർമ്മിക്കാൻ സാദ്ധ്യതയുള്ളയിടങ്ങളിൽ എക്സൈസ് റെയ്ഡ് കർശനമാക്കി. അനാവശ്യമായി കൂട്ടം കൂടുന്നവർക്കെതിരെയും സാമൂഹികാകലം പാലിക്കാത്തവർക്കെതിരെയും മാസ്ക് ധരിക്കാത്തവർക്കെതിരെയും പകർച്ചവ്യാധി നിയമപ്രകാരം കേസെടുക്കുമെന്ന് പാലോട് സി.ഐ സി.കെ.മനോജ് അറിയിച്ചു.ആദിവാസി മേഖലയിലെ രോഗികൾക്ക് മൊബൈൽ ക്ലിനിക്കുകൾ വഴി പരിശോധനയും ചികിത്സയും വാക്സീനും ഉറപ്പാക്കണമെന്ന് ആദിവാസി ക്ഷേമസമിതി ജില്ലാ ജോയിന്റ് സെക്രട്ടറി എം.വി. ഷിജുമോൻ ആവശ്യപ്പെട്ടു.