തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് രോഗിയുടെ മൃതദേഹം മോർച്ചറിയിൽ നിന്ന് മാറി നൽകിയ സംഭവത്തിൽ ആശുപത്രി അധികൃതർ നൽകിയ വിശദീകരണം തള്ളി മെഡിക്കൽ കോളേജ് പൊലീസ്.
മോർച്ചറിയിലെ ഡ്യൂട്ടി സർജൻ ഡോ. സുരേഷ് ഗോവിന്ദ് സൂപ്രണ്ടിന് നൽകിയ വിശദീകരണത്തിന്റെ പകർപ്പാണ് റിപ്പോർട്ടെന്ന നിലയിൽ പൊലീസിന് കൈമാറിയത്. വിശദീകരണം സൂപ്രണ്ട് അംഗീകരിച്ചെങ്കിൽ സ്വീകരിച്ച നടപടി വ്യക്തമാക്കണമെന്ന് ആശുപത്രി അധികൃതർക്ക് സി.ഐ നിർദ്ദേശം നൽകി.
നെയ്യാറ്റിൻകര തൊഴുക്കൽ കല്ലുമല വീട്ടിൽ പ്രസാദിന്റെ മൃതദേഹം മാറി നൽകിയതാണെന്നും വെള്ളായണി പാപ്പൻചാണി കുന്നത്തുവിള വീട്ടിൽ മണികണ്ഠന്റേതെന്ന് കരുതി ബന്ധുക്കൾ കൊണ്ടുപോയി സംസ്കരിച്ചെന്നുമാണ് വിശദീകരണത്തിലുള്ളത്.
പരിശോധിച്ച് ഉറപ്പാക്കിയ ശേഷം ബന്ധുക്കളാണ് മൃതദേഹം കൊണ്ടുപോയതെന്നാണ് ഇന്നലെ രാവിലെ വരെ ആശുപത്രി അധികൃതർ പ്രതികരിച്ചത്.വൈകിട്ട് സർജന്റെ ത്വരിതാന്വേഷണ റിപ്പോർട്ട് പുറത്തെത്തിയതോടെയാണ് വീഴ്ച സമ്മതിച്ച് അധികൃതർ മലക്കം മറഞ്ഞത്. മൃതദേഹ കൈമാറ്റത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെ രക്ഷിക്കാനാണ് താത്കാലിക ജീവനക്കാരനെ സസ്പെന്റ് ചെയ്തതെന്ന ആരോപണം ഉയരുന്നതിനിടെയാണ് സർജന്റെ റിപ്പോട്ടിലെ വിവരങ്ങൾ പുറത്തായത്.
അതേസമയം സംസ്കരിച്ചത് മണികണ്ഠന്റെ മൃതദേഹം തന്നെയെന്ന് ബന്ധുക്കൾ വീണ്ടും ആവർത്തിച്ചു. ഇത് നിഷേധിക്കുന്ന പൊലീസും മോർച്ചറി അധികൃതരും മോർച്ചറിയിലുള്ളത് മണികണ്ഠന്റെ മൃതദേഹമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. ഇത് ഉറപ്പിക്കാൻ മണികണ്ഠന്റെ ബന്ധുക്കളെ വിളിപ്പിച്ചെങ്കിലും അവർ വരാൻ തയ്യാറായില്ല. പനിയെ തുടർന്ന് നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം ശനിയാഴ്ച ഉച്ചയ്ക്ക് 12ഓടെയാണ് പ്രസാദിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുന്നത്.
അവശനായ പ്രസാദിനെ ഒ.പിയിൽ കാണിക്കാൻ ബന്ധുക്കൾ സ്ട്രെച്ചറിനായി പരക്കം പായുന്നതിനിടെ വാഹനത്തിൽ അനക്കമില്ലാതെ കിടക്കുകയായിരുന്നു പ്രസാദ്. തുടർന്ന് ഡോക്ടർ പരിശോധിച്ച് മരണം സ്ഥിരീകരിച്ചെന്നാണ് ബന്ധുക്കൾ പറയുന്നത്.
ഫൈബർ ഒപ്ടിക്കൽ മേഖലയിലായിരുന്നു പ്രസാദിന്റെ ജോലി. ഭാര്യ:ആശാവർക്കർ സിന്ദു. മക്കൾ: അഭിരാമി,ആദിത്യ.
മോർച്ചറിയുടെ ചുമതലയുള്ള ആർ.എം.ഒ ത്വരിതാന്വേഷണ റിപ്പോർട്ട് നൽകിയിട്ടുണ്ട്. പരിശോധിച്ച ശേഷം കൂടുതൽ ഉയർന്ന ഉദ്യോഗസ്ഥർ അന്വേഷണം ആവശ്യമെങ്കിൽ നടത്തും. ഇതിനുശേഷം കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കും.
ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷർമദ്