നെയ്യാറ്റിൻകര: സംരക്ഷണഭിത്തിയില്ലാത്ത നടപ്പാതയിലൂടെ ഭയത്തോടെ വിദ്യാർത്ഥികളും യാത്രക്കാരും. പ്രതിഷേധവുമായി പ്രദേശവാസികൾ. അരുവിപ്പുറത്ത് ചിറ്റാറിന് കുറുകെ തുണ്ടാർ കടവിൽ ചെക്ക് ഡാമിന് കുറുകെ നിർമ്മിച്ച നടപ്പാതയിൽ സംരക്ഷണഭിത്തി നിർമ്മിക്കാത്തതാണ് കാൽനടയാത്രക്കാർക്ക് ഭീഷണിയായി മാറിയിട്ടുള്ളത്. പ്രദേശവാസികളുടെ നിരന്തര ആവശ്യത്തെ തുടർന്ന് രണ്ട് മാസം മുൻപ് 8 ലക്ഷം രൂപ ചെലവാക്കിയാണ് ജലസേചന വകുപ്പ് ഡാമിന് കുറുകെ ഒരു മീറ്റർ വീതിയിൽ നടപ്പാത നിർമ്മിച്ചത്.
നിർമ്മാണ സമയത്ത് തന്നെ നടപ്പാതയ്ക്ക് സംരക്ഷണഭിത്തി കൂടി നിർമ്മിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അധികൃതർ അതിന് തയ്യാറായില്ല.
അരുവിപ്പുറത്ത് നിന്ന് മാരായമുട്ടം ഭാഗത്തേക്ക് പോകാനുളള എളുപ്പമാർഗമാണിത്. സ്കൂൾ കുട്ടികളടക്കം നിരവധി പേരാണ് ദിനംപ്രതി ഇതുവഴി യാത്ര ചെയ്യുന്നത്. മഴക്കാലത്ത് ആറ്റിൽ വെള്ളം നിറയുമ്പോൾ നടപ്പാത മുങ്ങിപ്പോകാറാണ് പതിവ്. ഈ സമയങ്ങളിൽ നടപ്പാത കാണാൻ കഴിയാത്തത് അപകടഭീഷണി ഉയർത്തുന്നുണ്ട്. കൈവരി നിർമ്മിക്കണമെന്നാവശ്യവുമായി നാട്ടുകാർ പെരുങ്കടവിള പഞ്ചായത്തിനെ സമീപിച്ചപ്പോൾ ജലസേചന വകുപ്പിനാണ് നിർമ്മാണ ചുമതലയെന്നാണ് പഞ്ചായത്ത് അധികൃതർ പറഞ്ഞതത്രേ. മഴക്കാലമാകുന്നതോടെ നടപ്പാതയ്ക്ക് സംരക്ഷണഭിത്തി നിർമ്മിക്കാനായില്ലെങ്കിൽ അത് വലിയ ദുരന്തം ക്ഷണിച്ചുവരുത്തുമെന്നും അതിനാൽ അടിയന്തരമായി അധികൃതർ സംരക്ഷണഭിത്തി നിർമ്മിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.