തിരുവനന്തപുരം: അമ്പത് ശതമാനം കിടക്കകൾ കൊവിഡ് ചികിത്സയ്ക്കു മാറ്റിവയ്ക്കണമെന്ന ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശം പാലിക്കാത്ത ആറ് സ്വകാര്യ ആശുപത്രികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. 24 മണിക്കൂറിനകം ആശുപത്രികൾ മതിയായ വിശദീകരണം നൽകിയില്ലെങ്കിൽ ദുരന്തനിവാരണ നിയമ പ്രകാരവും പകർച്ചവ്യാധി ഓർഡിനൻസ് പ്രകാരവും നടപടി സ്വീകരിക്കുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു.

കൊവിഡ് ചികിത്സയ്ക്ക് മുടക്കം വരാതിരിക്കാനാണ് സ്വകാര്യ ആശുപത്രികളിലെ 50 ശതമാനം കിടക്കകൾ മാറ്റിവയ്‌ക്കണമെന്ന് കളക്ടർ നിർദ്ദേശം നൽകിയത്. ചില ആശുപത്രികൾ ഇക്കാര്യം പാലിക്കുന്നില്ലെന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നോട്ടീസ് നൽകിയതെന്ന് ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ജി.കെ. സുരേഷ് കുമാർ അറിയിച്ചു.


കൊവിഡ് ചികിത്സയ്‌ക്ക്

കൂടുതൽ സൗകര്യങ്ങൾ

ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ വെള്ളറട രുഗ്മിണി മെമ്മോറിയൽ ആശുപത്രിയെ കൊവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററാക്കിയതായി (സി.എസ്.എൽ.ടി.സി ) ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ഇവിടെയുള്ള 300 കിടക്കകളിൽ 225 എണ്ണം സി.എസ്.എൽ.ടി.സിക്കായും 50 എണ്ണം കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ എംപാനൽ ചെയ്‌തിട്ടുള്ള രോഗികൾക്കായും മാറ്റിവയ്‌ക്കും. 25 കിടക്കകൾ ആശുപത്രിയിൽ നേരിട്ടെത്തുന്ന കൊവിഡ് രോഗികൾക്ക് നൽകും.

കൊവിഡ് രോഗികളുടെ ബ്ലോക്ക് ഒഴിച്ച് മറ്റുള്ള സ്ഥലങ്ങളിൽ നോൺ കൊവിഡ് ഒ.പി പ്രവർത്തിപ്പിക്കും. കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ തിരുവനന്തപുരം, ചിറയിൻകീഴ് താലൂക്കുകളിൽ രണ്ടുവീതം ഡി.സി.സികൾ (ഡൊമിസിലറി കെയർ സെന്റർ) ഏറ്റെടുത്തിട്ടുണ്ട്. ഇവിടങ്ങളിൽ 250 കിടക്കകളുണ്ടാകും. ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുമെന്നും ഡി.സി.സികളിൽ ആവശ്യമായ ജീവനക്കാരെ ഉടൻ നിയോഗിക്കുമെന്നും കളക്ടർ അറിയിച്ചു.