തിരുവനന്തപുരം:കൊവിഡ് ഭീതിയിൽ ഓഫീസുകൾ ശുഷ്‌കമാവുന്നു. 5,500 ജീവനക്കാരുള്ള സെക്രട്ടേറിയറ്റിൽ ഇന്നലെ ജോലിക്കെത്തിയത് 1015 പേർ മാത്രം. എല്ലാ സെക്രട്ടറിമാരും ഐ.എ.എസ് ഉദ്യോഗസ്ഥരും ജോലിക്കെത്തി. ഫിനാൻസ്, റവന്യൂ, ജി.എ.ഡി, തദ്ദേശഭരണ വകുപ്പുകളിലാണ് കൂടുതൽ ജീവനക്കാർ ഹാജരായത്. വരും ദിവസങ്ങളിലും ഇൗ സ്ഥിതി തുടരും.
കൊവിഡ് രൂക്ഷമായതിനാൽ പൊതുമേഖലയിലും സ്വകാര്യ, സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളിലും നാലിലൊന്ന് ജീവനക്കാർ മതിയെന്ന് സർക്കാർ ഉത്തരവിട്ടതോടെയാണ് ഹാജർ കഷ്ടിയായത്. ഇനിയൊരുത്തരവ് വരെയാണിത്.
ദുരന്തനിവാരണം ഏകോപിപ്പിക്കുന്നതിനാൽ കളക്ടറേറ്റിൽ കൂടുതൽ പേർ എത്തി. എന്നാൽ സിവിൽസ്റ്റേഷനിലെ ഒാഫീസുകളിൽ 25 ശതമാനം ജീവനക്കാർ മാത്രമാണ് ഹാജരായത്. നിയന്ത്രണമുണ്ടെങ്കിലും തദ്ദേശ, റവന്യൂ, ഡിസാസ്റ്റർ മാനേജ്മെന്റ് കെ.എസ്.ഇ.ബി. മിൽമ, സിവിൽ സപ്ളൈസ് തുടങ്ങിയ വകുപ്പുകളിൽ പരമാവധി ജീവനക്കാർ എത്തണം.
ജോലിക്കെത്താത്ത ജീവനക്കാർ കൊവിഡ് ഡ്യൂട്ടി ചെയ്യണമെന്നാണ് സർക്കാർ ഉത്തരവ്. ഇവരുടെ ലിസ്റ്റ് കളക്ടർ ഉടൻ അറിയിക്കും. ക്വാറന്റൈൻ മുതൽ ടെസ്റ്റിന് സഹായിക്കുന്നത് വരെയുള്ള വാർഡ് സമിതികൾ, ജില്ലാ ഹെല്പ് ലൈൻ തുടങ്ങിയവയിലാണ് ഇവർ പ്രവർത്തിക്കേണ്ടത്. അദ്ധ്യാപകരേയും ഇൗ ജോലിക്ക് നിയോഗിക്കും.
പഞ്ചായത്ത്, മുനിസിപ്പൽ, കോർപറേഷൻ ഒാഫീസുകളിൽ കൂടുതൽ പേർ ജോലിക്കെത്തി. ജോലിക്കാരും ജനങ്ങളും യാത്ര ചെയ്യാത്തതിനാൽ കെ.എസ്.ആർ.ടി.സി. സർവ്വീസ് കുറവായിരുന്നു. ജീവനക്കാർ ആശ്രയിക്കുന്ന ഇന്റർസിറ്റി പോലുള്ള ട്രെയിനുകളും രണ്ടാഴ്ചത്തേക്ക് റദ്ദാക്കി.