koyikal-road

മലയിൻകീഴ്: തകർന്ന് തരിപ്പണമായ ഗ്രാമ പഞ്ചായത്ത് റോഡുകളിലൂടെ ജീവൻ പണയപ്പെടുത്തി യാത്ര ചെയ്യേണ്ട ദുരവസ്ഥയിലാണ് ജനങ്ങൾ. മലയിൻകീഴ് പഞ്ചായത്തിലെ ഓഫീസ് വാർഡിലുൾപ്പെട്ട കോയിക്കൽ - ശാന്തുമൂല റോഡ് തകർന്ന് വൻകുഴി രൂപപ്പെട്ടിട്ട് വർഷങ്ങൾ കഴിഞ്ഞു. റോഡ് തകർന്നതിനാൽ ഇരുചക്ര വാഹനമൊഴികെയുള്ള വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയുന്നില്ല. സർക്കസ് പരിശീലനമുള്ളവർക്കെ ഇരുചക്രവാഹനത്തിൽ ഈ ഭാഗം താണ്ടാനാകൂ.

റോഡാകെ പൊട്ടിപ്പൊളിഞ്ഞ് കാൽനടപോലും സാദ്ധ്യമല്ലാതായിട്ട് കാലമേറെയായി. മലയിൻകീഴ് ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോഴും മറ്റ് യാത്രാബുദ്ധിമുട്ടുകൾ നേരിടുമ്പോഴും കാർ, മിനി ലോറി യാത്രക്കാർ ഈ റോഡിലൂടെയാണ് പോകാറുള്ളത്. നിരവധി കുടുംബങ്ങളാണ് ഇൗ റോഡിന് ഇരുവശത്തുമായി താമസിക്കുന്നത്. റോഡ് നവീകരിക്കണമെന്ന ആവശ്യവുമായി പ്രദേശവാസികൾ നിരവധി തവണ പഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും ഉടൻ ശരിയാക്കാമെന്ന പതിവ് പല്ലവിയാണ് അവരിൽ നിന്ന് ലഭിക്കുന്നത്.

10 വർഷം മുൻപ് ജില്ലാ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് നവീകരിച്ച ഈ റോഡിന്റെ ഭൂരിഭാഗവും വൻ കുഴികളാണ്. കുഴികളിൽ വീണ് ഇരുചക്രവാഹന യാത്രികർ അപകടത്തിലാകുന്നത് പതിവാണ്. ഇതേ അവസ്ഥയാണ് വിളപ്പിൽ, വിളവൂർക്കൽ, മാറനല്ലൂർ പഞ്ചായത്ത് പ്രദേശത്തെ റോഡുകൾക്കുമുള്ളത്. സഞ്ചാരയോഗ്യമല്ലാതെ വർഷങ്ങളായി തകർന്ന റോഡുകളുടെ ദുരവസ്ഥയ്ക്ക് മാറിമാറി വരുന്ന പഞ്ചായത്ത് ഭരണ സമിതികൾ വേണ്ടത്ര പരിഗണന നൽകുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. വിളപ്പിൽ പഞ്ചായത്തിലെ വിളപ്പിൽശാല - ഇരട്ടക്കുളം ചൊവ്വള്ളൂർ റോഡും അപകടാവസ്ഥയിലാണ്. വിളപ്പിൽശാല നിന്ന് ചൊവ്വള്ളൂർ ക്ഷേത്രത്തിലേക്ക് രണ്ട് കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് തകർന്ന് കാൽനടയാത്ര പോലും ദുഃസ്സഹമായി. പേയാട് -ചീലപ്പാറ, വടക്കേജംഗ്ഷൻ - വിളയിൽ ദേവീക്ഷേത്രം, നെടുങ്കുഴി-പരുത്തംപാറ, പ്ലാവിള-മലപ്പനംകോട്, കാവുവിള-മലപ്പനംകോട് എന്നീ റോഡുകളുടെ അവസ്ഥയും വ്യത്യസ്തമല്ല. വിഴവൂർ-പൊറ്റയിൽ, കല്ലുപാലം-വേങ്കൂർ, കുന്നിൽവിള-പനങ്കുഴി, പ്ലാത്തറത്തല-പഴവൂട്ടുനട ക്ഷേത്രം, പുതുവീട്ട്മേലെ-കുരിശുമുട്ടം എന്നീ വിളവൂർക്കൽ പഞ്ചായത്ത് റോഡുകളും സഞ്ചാരയോഗ്യമല്ല.

മലയിൻകീഴ് പഞ്ചായത്തിലെ മേപ്പൂക്കട-കുഴയ്ക്കാട്, അന്തിയൂർക്കോണം-കല്ലുവരമ്പ്, ഇരട്ടക്കലുങ്ക്-പുത്തൻവിള എന്നീ റോഡുകളും ദുരവസ്ഥയിലാണ്. സമീപത്തെ പഞ്ചായത്തുകളുമായി ബന്ധിപ്പിക്കുന്ന റോഡുകളാണിത്. റോഡ് നവീകരിക്കണമെന്ന ആവശ്യവുമായി വിവിധ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളും നാട്ടുകാരും പഞ്ചായത്ത് അധികൃതരെയും വാർഡ് അംഗങ്ങളെയും സമീപിച്ചിട്ടും ഫലമുണ്ടായില്ല. പഞ്ചായത്തിന് അനുവദിക്കാൻ കഴിയുന്ന ഫണ്ടിന് പരിമിതിയുണ്ടെന്നാണ് അവരുടെ പക്ഷം. മേപ്പൂക്കട-കുഴയ്ക്കാട് ബസ് ചുരുങ്ങിയ ദിവസങ്ങളിൽ മാത്രമേ സർവീസ് നടത്താറുള്ളു. റോഡിന്റെ ശോച്യാവസ്ഥയാണ് ബസ് സർവീസ് മുടങ്ങാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. ചീനിവിള-കുഴിവിള, ഭജനമഠം റോഡ് പുന്നാവൂർ-അറ്റത്തുകോണം, വണ്ടന്നൂർ-കുക്കുറുണി എന്നീ മാറനല്ലൂർ പഞ്ചായത്ത് റോഡുകളും തകർന്ന നിലയിലാണ്. ജീവൻ പണയപ്പെടുത്തിയാണ് സ്വകാര്യ വാഹനങ്ങൾ ഇതുവഴി കടന്നു പേകുന്നത്. മഴ പെയ്താലുടൻ കുഴികളിൽ വെള്ളം കെട്ടി നിൽക്കുന്നതും പലപ്പോഴും അപകടത്തിന് കാരണമാകാറുണ്ട്. ഗ്രാമീണ റോഡുകൾ നവീകരിക്കണമെന്ന ആവശ്യം ജനങ്ങൾക്കിടയിൽ ശക്തമായിട്ടുണ്ട്.

കോയിക്കൽ- ശാന്തുമൂല റോഡ് നവീകരിണത്തിന് ഈ സാമ്പത്തിക വർഷത്തെ പദ്ധതിയിൽ തുക ഉൾപ്പെടുത്തിയിട്ടുണ്ട്. ടാറിംഗ് നടത്തി റോഡ് സഞ്ചാരയോഗ്യമാക്കും. പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാലാണ് നവീകരണ പ്രവർത്തനങ്ങൾ നീണ്ട് പോകുന്നത്. എസ്.സുരേഷ് ബാബു,മലയിൻകീഴ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്.