മലയിൻകീഴ്: കൊവിഡ് വ്യാപനം വർദ്ധിച്ചതിനെ തുടർന്ന് ഏർപ്പെടുത്തിയ പൊലീസ് പരിശോധന മലയിൻകീഴ്, മാറനല്ലൂർ, വിളപ്പിൽ, വിളവൂർക്കൽ എന്നീ പഞ്ചായത്ത് പ്രദേശങ്ങളിൽ ശക്തമാക്കി. അത്യാവശ്യ യാത്രക്കാരെ മാത്രമേ പൊലീസ് കടത്തി വിടുന്നുള്ളൂ.

കുണ്ടമൺകടവ് ഭാഗത്ത് പൊലീസ് പരിശോധന ശക്തമാക്കിയതോടെ യാത്രക്കാരുടെയും വാഹനങ്ങളുടെയും എണ്ണത്തിലും കുറവുണ്ട്. മെഡിക്കൽ സ്റ്റോർ, പലവ്യഞ്ജനകട, പച്ചക്കറി, പാൽ എന്നിവ മാത്രമാണ് പൂർണമായും പ്രവർത്തിക്കുന്നത്. ഹോട്ടലുകളിൽ പാഴ്സൽ മാത്രമേ അനുവദിച്ചിട്ടുള്ളൂ.

കൊവിഡ് വ്യാപനം മലയിൻകീഴ്, വിളവൂർക്കൽ, മാറനല്ലൂർ, വിളപ്പിൽ പ്രദേശങ്ങളിൽ പടർന്ന് പിടിക്കുകയാണ്. മലയിൻകീഴ് പഞ്ചായത്തിലെ മഞ്ചാടി വാർഡ് ഇന്നലെ മുതൽ പൂർണമായും അടച്ചിട്ടിരിക്കുകയാണ്. കൊവിഡ് രോഗികളുടെ എണ്ണം കൂടുതലാണ്. മലയിൻകീഴ് താലൂക്ക് ആശുപത്രിയിലും വിളപ്പിൽ സി.എച്ച്.സിയിലും വാക്സിൻ എടുക്കാനെനെത്തുന്നവരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. നിയന്ത്രിക്കാനാകാത്ത വിധമാണ് ആശുപത്രികളിലെ ജനത്തിരക്ക്.