വെള്ളറട: മലയോരമേഖലയിലെ ആയിരക്കണക്കിന് ജനങ്ങളുടെ ചികിത്സാകേന്ദ്രമായ വെള്ളറട കമ്മ്യൂണിറ്റ് ഹെൽത്ത് സെന്റർ സൂപ്പർ സ്പെഷ്യാലിറ്റി പദവിയിലേക്ക് ഉയരുന്നതും കാത്തിരിക്കുകയാണ് മലയോര നിവാസികൾ. ദിനം പ്രതി ആയിരക്കണക്കിന് രോഗികൾ ചികിത്സതേടിയെത്തുന്ന കേരള തമിഴ്നാട് വന അതിർത്തിയോട് ചേർന്നാണ് ഈ ആതുരാലയം. അത്യാവശ്യം വേണ്ട എല്ലാ ചികിത്സകളും ചെറിയതോതിൽ ഇവിടെ ലഭിക്കും. ആവശ്യത്തിനുള്ള ജീവനക്കാരുടെ കുറവ് പലപ്പോഴും ഇവിടുത്തെ പ്രവർത്തനങ്ങളെ താളം തെറ്റിക്കുന്നു. ജീവനക്കാരുടെ എണ്ണത്തിലുള്ളകുറവും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ തസ്തികയില്ലാത്തതുമാണ് ഇന്ന് ആശുപത്രിയെ അലട്ടുന്ന പ്രധാനവിഷയം.
പകർച്ചവ്യാധികൾ വളരെപ്പെട്ടെന്ന് പടർന്നു പിടിക്കാൻ സാദ്ധ്യതയുള്ള പ്രദേശമായതിനാൽ പ്രതിരോധ പ്രവർത്തനങ്ങളും കാര്യക്ഷമമായി നടത്തേണ്ടതുണ്ട്. ഇപ്പോൾ സി.കെ. ഹരീന്ദ്രൻ എം.എൽ.എ അനുവദിച്ച 40 ലക്ഷം രൂപ വിനിയോഗിച്ചുള്ള കെട്ടിടനിർമ്മാണവും ആരംഭിച്ചു.
രണ്ട് സിവിൾ സർജൻ വേണ്ടിടത്ത് ഒരു സിവിൾ സർജനാണ് നിലവിലുള്ളത്. 24 മണിക്കൂറും പ്രവർത്തിക്കാൻ നാല് ക്യാഷ്വാലിറ്റി മെഡിക്കൽ ഓഫീസറും വേണ്ടിടത്ത് ആരുമില്ല. പീഡിയാട്രീഷൻ ഡോക്ടറില്ല, ഫിസിഷ്യൻ മെഡിസിനും ഓർത്തോപീഡിഷ്യനിലും ഡെന്റലിലും ഓരോ ഡോക്ടറെയെങ്കിലും നിയമിക്കണം. ഹെഡ് നഴ്സ് തസ്തിക എട്ട് സ്റ്റാഫ് നഴ്സ് വേണ്ടിടത്ത് സ്ഥിരം നിയമനമുള്ള രണ്ടുപേരാണ് നിലവിലുള്ളത്. തസ്തികകൾ വർദ്ധിപ്പിച്ചാൽ മാത്രമേ സൂപ്പർ സ്പെഷ്യാലിറ്റിയായി ഉയരാനും മലയോരവാസികൾക്ക് മെച്ചപ്പെട്ട ചികിത്സ നൽകാനും സാദ്ധ്യമാവുകയുള്ളു.
ചികിത്സ - 24 മണിക്കൂറും
പ്രവർത്തനം മികച്ചത്
ഒ.പി, ഐ.പി, പേവാർഡ് സേവനം നൽകുന്ന സംസ്ഥാനത്തെ അപൂർവം ചില ആശുപത്രികളിൽ ഒന്നാണ്. ജീവിത ശൈലി രോഗനിർണയ ക്ളിനിക്, കുഞ്ഞുങ്ങൾക്ക് പ്രതിരോഗകുത്തിവയ്പ്, സബ് സെന്ററുകളിലൂടെയുള്ള ചികിത്സ, ഗർഭിണികൾക്കുള്ള പ്രാഥമിക പരിശോധന, കാഴ്ച പരിശോധന എന്നിവയും നൽകിവരുന്നു. ഇതിനു പുറമെ പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളും കാര്യക്ഷമമായി നടക്കുകയാണ്.
ജീവനക്കാരെ നിയമിക്കണം
ഡോക്ടർ, സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ്, ലാബ് ടെക്നിഷ്യൻ, റേഡിയോഗ്രാഫർ, ഡോബി, നഴ്സിംഗ് അസിസ്റ്റന്റ്, ക്ളീനിംഗ് ജീവനക്കാരുടെ കുറവുമാണ് ആശുപത്രി നേരിടുന്ന വെല്ലുവിളി. ജീവനക്കാരുടെ കുറവ് പരിഹരിച്ച് ആശുപത്രിയെ സൂപ്പർ സ്പെഷ്യാലിറ്റിയാക്കി മലയോര ആദിവാസി മേഖലയിൽ മെച്ചപ്പെട്ട ചികിത്സയ്ക്ക് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ ഓഫീസർ ബന്ധപ്പെട്ട ആരോഗ്യവകുപ്പ് അധികൃതർക്ക് കത്ത് നൽകിയിട്ടുണ്ട്.
വെള്ളറട കമ്മ്യൂണിറ്റ് ഹെൽത്ത് സെന്ററിൽ ആവശ്യം വേണ്ട ജീവനക്കാരില്ലാത്തതാണ് പ്രധാന പ്രശ്നം. ദിനം പ്രതി ആയിരത്തിലേറെ രോഗികൾ ചികിത്സ തേടിയെത്തുന്ന മലയോരമേഖലയിലെ പ്രധാന ആശുപത്രിൽ കൂടുതൽ ജീവനക്കാരെ നിയോഗിച്ചാൽ അത്യാവശ്യം വേണ്ട ചികിത്സകൾ നൽകാൻ കഴിയും.
ഡോ. സുനിൽ, മെഡിക്കൽ ഓഫീസർ ഇൻചാർജ്