g

തിരുവനന്തപുരം: കൊവിഡ് ചികിത്സയുടെ ഭാഗമായി പി.എച്ച്.സികൾ, സി.എച്ച്.സികൾ, മറ്റ് സർക്കാർ ആശുപത്രികൾ എന്നിവിടങ്ങളിൽ നിന്ന് സ്വകാര്യ ആശുപത്രികളിലേക്ക് റഫർ ചെയ്യപ്പെടുന്നവർ ചികിത്സാ ആനുകൂല്യം ലഭിക്കുന്നതിനായി അക്കാര്യം ആശുപത്രി അധികൃതരെ മുൻകൂട്ടി അറിയിക്കണമെന്നും രേഖകൾ കൈവശം സൂക്ഷിക്കണമെന്നും ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് കീഴിലുള്ള ആശുപത്രികളിലാകും ആനുകൂല്യം ലഭിക്കുക. റഫർ ചെയ്‌തതാണെന്ന വിവരം അറിയിക്കാത്തതിനെ തുടർന്ന് ആനുകൂല്യങ്ങൾ നഷ്ടമാകുന്നെന്ന പരാതികളെ തുടർന്നാണ് നിർദ്ദേശം. കാസ്‌പ് ഗുണഭോക്താക്കളായ ആയു‌ഷ്‌മാൻ ഭാരത് കാർഡുള്ളവർക്ക് ഈ ആശുപത്രികളിൽ നേരിട്ടെത്തി കൊവിഡ് ചികിത്സ തേടാം. പദ്ധതിയിൽ എംപാനൽ ചെയ്‌തിട്ടുള്ള ആശുപത്രികളുടെ വിവരങ്ങൾ sha.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.