d

തിരുവനന്തപുരം: ജില്ലയിൽ കൊവിഡ് ഭീതി ഒഴിയുന്നില്ല. വീണ്ടും പ്രതിദിന രോഗികളുടെ എണ്ണം മൂവായിരം കടന്നു. 3,388 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ച രോഗികളുടെ എണ്ണം 2450 ആയിരുന്നു. നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടും രോഗബാധിതരുടെ എണ്ണത്തിൽ കാര്യമായ കുറവ് വരാത്തത് കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഈ മാസം ആരംഭിച്ചിട്ട് നാല് ദിവസം പിന്നിട്ടപ്പോൾ 12,​373 പേരാണ് രോഗബാധിതരായിരിക്കുന്നത്. 23.8 ശതമാനമാണ് ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. തിങ്കളാഴ്ച അത് 24 ശതമാനമായിരുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 2,956 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതിൽ 13 പേർ ആരോഗ്യ പ്രവർത്തകരാണ്. 1989 പേർ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം മുപ്പതിനായിരത്തോട് അടുക്കുകയാണ്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണവും മുക്കാൽ ലക്ഷം പിന്നിട്ടു. 29,689 പേർ രോഗബാധിതരായി നിലവിൽ ചികിത്സയിലുണ്ട്. ജില്ലയിൽ പുതുതായി 4,313 പേരെക്കൂടി നിരീക്ഷണത്തിലാക്കി. 2,197 പേർ നിരീക്ഷണകാലം പൂർത്തിയാക്കി.

 ആയിരം കടന്ന് മരണസംഖ്യ

ജില്ലയിൽ കൊവിഡ് കവർന്നവരുടെ എണ്ണം ആയിരം പിന്നിട്ടു. ഇതുവരെ ജില്ലയിൽ 1043 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെ മാത്രം 28 പേരുടെ മരണം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ജില്ലയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 0.66 ശതമാനമാണ് തലസ്ഥാനത്തെ മരണനിരക്ക്. സംസ്ഥാന ശരാശരിയുടെ ഇരട്ടിയാണിത്. 0.33 ശതമാനമാണ് സംസ്ഥാനത്തെ മരണനിരക്ക്. സംസ്ഥാനത്ത് മരണപ്പെട്ടവരുടെ അഞ്ചിലൊന്ന് മരണങ്ങളും തലസ്ഥാന ജില്ലയിലാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

 കൊവിഡ് ഇന്നലെ

രോഗികൾ - 3,388

സമ്പർക്ക രോഗികൾ - 2,956

രോഗമുക്തി - 1989

ആകെ രോഗികൾ - 29,689

നിരീക്ഷണത്തിലുള്ളവർ - 78,868

 കഴിഞ്ഞ നാല് ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്രി നിരക്ക്

മേയ് ഒന്ന് - 22.3 ശതമാനം

രണ്ട് - 31.3 ശതമാനം

മൂന്ന് - 24 ശതമാനം

നാല് - 23.8 ശതമാനം