photo1

പാലോട്: കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ പച്ച, പാലോട്, കുശവൂർ, നന്ദിയോട്, കുറുപുഴ, വഞ്ചുവം തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളം കയറി. കുശവൂരിൽ ധാരാളം വീടുകളിലും വെള്ളം കയറി. പച്ച ഓരുക്കുഴിയിലേക്കുള്ള റോഡ് പൂർണമായും വെള്ളത്തിലായി. ഇവിടെ താമസിക്കുന്ന കുടുംബങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത വിധത്തിലാണ് വെള്ളം കയറിയത്. പച്ച ജംഗ്ഷനിൽ റോഡ് വികസനത്തിനായി തോടിന്റെ സൈഡ് കെട്ടിയ കൽകെട്ടിന്റെ ഒരു ഭാഗം ഇടിഞ്ഞ് വീണു. പച്ച ജംഗ്ഷനിൽ ട്രാൻസ്ഫോർമർ സ്ഥാപിച്ചിരുന്ന ഒരു ഭാഗം ഇടിഞ്ഞ് വീണു. ട്രാൻസ്ഫോമർ ഒരു ഭാഗത്തേക്ക് ചാഞ്ഞ നിലയിലാണ്. നന്ദിയോട് ജംഗ്ഷനിൽ ഓട നിറഞ്ഞ് കവിഞ്ഞ് ഒഴുകി കടകളിൽ വെള്ളം കയറി.

കൂടാതെ ഈ ഭാഗങ്ങളിൽ കനത്ത ദുർഗന്ധവുമാണ്. കൂടാതെ മഴയിലും കാറ്റിലും പെട്ട് വൻ കൃഷി നാശവുമുണ്ടായിട്ടുണ്ട്. ശക്തമായ കാറ്റിൽ വട്ടപ്പൻ കാട്, കരിമ്പിൻകവല, പാലുവള്ളി, ആനകുളം, വെമ്പ് തുടങ്ങിയ പ്രദേശങ്ങളിൽ മരം ഒടിഞ്ഞു വീണ് ചിലയിടങ്ങളിൽ യാത്രാതടസം നേരിട്ടു. അശാസ്ത്രീയമായ റോഡ് നിർമ്മാണവും അനധികൃതമായ കെട്ടിടനിർമ്മാണവുമാണ് രൂക്ഷമായ വെള്ളപ്പൊക്കത്തിന് കാരണമായത്. പാലോട് വില്ലേജ് ഓഫീസിനു മുന്നിലെ വെള്ളക്കെട്ട് കാരണം ഓഫീസിലേക്ക് ആർക്കും കടക്കാൻ കഴിയാത്ത നിലയിലാണ്. റോഡ് നിർമ്മാണത്തോടൊപ്പം ഓട നിർമ്മിക്കാനും സ്ലാബ് ഇട്ട് മൂടാനുമായിരുന്നു കോൺട്രാക്റ്റ്. എന്നാൽ പല ഭാഗങ്ങളിലും ഓട നിർമ്മിക്കാത്തതിനാൽ വെള്ളം ഒഴുക്ക് പൂർണമായും തടസപ്പെട്ടാണ് വെള്ളപ്പൊക്കമുണ്ടായത്. മഴ ഇനിയും തുടരുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഭീതിയിലാണ് ഒരു ഗ്രാമം മുഴുവൻ.