നെടുമങ്ങാട്: കൂടുതൽ വാക്സിനേഷൻ കേന്ദ്രങ്ങളും ഐസൊലേഷൻ വാർഡുകളും സജ്ജമാക്കി കൊവിഡിന്റെ കുതിച്ചു കയറ്റം തടയാൻ ആരോഗ്യ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും തയ്യാറെടുക്കുന്നു. നെടുമങ്ങാട് നഗരസഭയുൾപ്പടെ താലൂക്കിൽ പ്രതിദിന പോസിറ്റീവ് കേസുകളുടെ എണ്ണം നിയന്ത്രണാദീതമായി ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. നിലവിൽ ഫസ്റ്റ് ലൈൻ, സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ പ്രവർത്തിക്കുന്ന ആശുപത്രികളിലായിരിക്കും പുതിയ ഐസൊലേഷൻ വാർഡുകൾ ഒരുക്കുന്നത്. ജീവനക്കാരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് നിയോഗിക്കും. ആവശ്യമായ പി.പി.ഇ കിറ്റുകളും മാസ്കുകളും തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ലഭ്യമാക്കും.
നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പി.പി.ഇ കിറ്റും മാസ്കും വാങ്ങാൻ നഗരസഭ ഒരു ലക്ഷം രൂപ അനുവദിച്ചു. ജില്ലാ പഞ്ചായത്തും ഫണ്ട് അനുവദിച്ചിട്ടുണ്ട്. ജില്ലാ ആശുപത്രിയിൽ രണ്ടു ദിവസത്തെ പരിശോധന ഫലം ഞെട്ടിക്കുന്നതാണ്.
കൊവിഡ് രോഗികൾ - 120
വിതുര താലൂക്കാശുപത്രി -45, കന്യാകുളങ്ങര സി.എച്ച്.സി - 21, അരുവിക്കര പി.എച്ച്.സി - 7, ആര്യനാട് പി.എച്ച്.സി - 5, ഭരതന്നൂർ പി.എച്ച്.സി -4, വെമ്പായം പി.എച്ച്.സി - 6, വെള്ളനാട് സി.എച്ച്.സി - 4, വാമനപുരം പി.എച്ച്.സി - 4, ആനാട് പി.എച്ച്.സി - 2, പുല്ലമ്പാറ പി.എച്ച്.സി - 1 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം. ആകെ 900 പേരിൽ നടത്തിയ ആന്റിജൻ - ആർ.ടി.പി.സി ആർ പരിശോധനയിൽ 200 ന് പുറത്താണ് പോസിറ്റീവ് കേസുകൾ.
ഓക്സിജൻ പ്ളാന്റ് സ്ഥാപിക്കാൻ ജില്ലാ ആശുപത്രി
നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സെൻട്രലൈസ്ഡ് ഓക്സിജൻ പ്ളാന്റ് സ്ഥാപിക്കാൻ തീരുമാനം. എം.എൽ.എ ഫണ്ട് ഉൾപ്പടെ ഒരു കോടി രൂപ ഇതിനായി സ്വരൂപിക്കുമെന്ന് നിയുക്ത എം.എൽ.എ അഡ്വ. ജി.ആർ. അനിൽ അറിയിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിൽ പങ്കെടുത്താണ് ഓക്സിജൻ പ്ളാന്റ് സ്ഥാപിക്കാനുള്ള തീരുമാനം അറിയിച്ചത്. ഐസൊലേഷൻ വാർഡിന്റെ ഉദ്‌ഘാടനവും ജി.ആർ. അനിൽ നിർവഹിച്ചു. കൊവിഡ് രോഗികളും മറ്റ് രോഗികളും തമ്മിൽ സമ്പർക്കം ഒഴിവാക്കാനായി കണ്ടംമ്നേഷൻ ബിൽഡിങ്ങിലുള്ള പഴയ ഉപകരണങ്ങൾ മാറ്റുന്നതിനും കൊവിഡ് ടെസ്റ്റ് നടക്കുന്ന പേവാർഡിലേക്കുള്ള വെയ്റ്റിംഗ് ഏരിയ ക്രമീകരിക്കാനും ആംബുലൻസ് സജ്ജമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എം. ജലീൽ, സലൂജ.വി.ആർ, വിളപ്പിൽ രാധാകൃഷ്ണൻ, നഗരസഭ ചെയർപേഴ്സൺ സി.എസ്. ശ്രീജ, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അജിതകുമാരി.എസ്, ജില്ലാ പഞ്ചായത്ത് അംഗം മിനി, ആശുപത്രി സൂപ്രണ്ട് ഡോ.ശില്പ ബാബു തോമസ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.അഷറഫ്, സി.പി.എം ഏരിയ സെക്രട്ടറി അഡ്വ.ആർ.ജയദേവൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ്, ജില്ലാ പഞ്ചായത്ത് എൽ.എസ്ജി.ഡി എ.എക്സ്ഇ. രാജേഷ്, ആശുപത്രി ആർ.എം.ഓ ഡോ. ചന്ദ്രലേഖ, കൊവിഡ് നോഡൽ ഓഫീസർമാരായ ഡോ.നസീറ, ഡോ. റിയാസ് ബഷീർ, ഹെഡ് നഴ്സുമാരായ പ്രഭാകുമാരി, പ്രമീള കുമാരി, മറിയം.കെ തുടങ്ങിയവർ പങ്കെടുത്തു.
പി.എച്ച്.സികളിൽ കുത്തിവയ്പ് 7 മുതൽ
നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും താലൂക്കിലെ എല്ലാ പ്രൈമറി ഹെൽത്ത് സെന്ററുകളിലും 7 മുതൽ വാക്സിൻ കുത്തിവയ്പിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസറുടെ ഉറപ്പ്. പ്രായമായവരെയും കിടപ്പുരോഗികളെയും വീടുകളിലെത്തി കുത്തിവയ്പ് നൽകും. നിയുക്ത എം.എൽ.എ ജി.ആർ. അനിലുമായി നടത്തിയ ചർച്ചയിലാണ് ഡി.എം.ഒ തീരുമാനം അറിയിച്ചത്. ജില്ലാ ആശുപത്രിയിൽ മിനി ഐ.സി.യു പ്രവർത്തന സജ്ജമാക്കാനും നിർദേശം നൽകിയിട്ടുണ്ട്. തദ്ദേശ സ്ഥാപന അദ്ധ്യക്ഷന്മാരുമായി കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ജി.ആർ. അനിൽ ഡി.എം.ഒയെ സന്ദർശിച്ചത്. സി.പി.എം ജില്ലാ സെക്രട്ടറി അഡ്വ. ആർ. ജയദേവനും ഒപ്പമുണ്ടായിരുന്നു.
വാക്സിനേഷൻ കേന്ദ്രത്തിൽ വാക്കേറ്റം
ജില്ലാ ആശുപത്രിയിൽ വാക്സിനേഷൻ എടുക്കാനെത്തിയവരുടെ തിക്കും തിരക്കും പതിവാകുന്നു. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചു നൂറുകണക്കിനാളുകളാണ് വാക്സിനേഷൻ കേന്ദ്രത്തിന് മുന്നിൽ തടിച്ചുകൂടുന്നത്. ടോക്കൺ സംവിധാനം ക്രമീകരിക്കുന്നതിൽ അധികൃതരുടെ അനാസ്ഥയാണ് സ്ഥിതി വഷളാക്കുന്നതെന്ന് ആരോപണമുണ്ട്. ഇന്നലെ രാവിലെ 5 മണി മുതൽ വരിയിൽ കാത്തുനിന്ന പലർക്കും ഉച്ചകഴിഞ്ഞിട്ടും വാക്സിൻ ലഭിച്ചില്ല. ഉച്ചയോടെ തിരക്ക് നിയന്ത്രണാധീതമായി. പെരുമഴയിൽ നനഞ്ഞും രാവിലെ മുതൽ ആഹാരം കഴിക്കാതെയും വെള്ളം കുടിക്കാതെയും എത്തിയ 60 വയസിനു മുകളിലുള്ളവർ ധാരാളമുണ്ടായിരുന്നു. ഓൺലൈൻ വഴി വാക്സിൻ ബുക്ക് ചെയ്തവരും നേരിട്ട് വാക്സിൻ സ്വീകരിക്കാനെത്തിയവരും തമ്മിലുള്ള വാക്കുതർക്കം സംഘർഷത്തിലേക്ക് നീങ്ങി. രോഷാകുലരായ ജനങ്ങൾ ഡോക്ടർമാരോടും മറ്റ് ആരോഗ്യ പ്രവർത്തകരോടും തട്ടിക്കയറി. നെടുമങ്ങാട് പൊലീസ് ഇൻസ്‌പെക്ടർ പി.എസ്. വിനോദിന്റെയും സബ് ഇൻസ്‌പെക്ടർ ശ്രീജിത്തിന്റെയും നേതൃത്വത്തിൽ പൊലീസ് സംഘം എത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. 600 ഓളം പേർക്കാണ് വാക്സിൻ നൽകാൻ നിശ്ചയിച്ചിരുന്നതെന്നും കൂടുതൽ ആളുകൾ എത്തുന്നതാണ് തിരക്കിന് ഇടയാക്കുന്നതെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
പൊലീസ് പരിശോധന ശക്തമാക്കി
സർക്കാർ സെമി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടും ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങുന്നതായി പൊലീസ്. ഇത് തടയാൻ നെടുമങ്ങാട് നഗരത്തിലെ ഇടറോഡുകളും പ്രധാന ജംഗ്‌ഷനുകളും കേന്ദ്രീകരിച്ച് പരിശോധനയും താക്കീതും കർശനമാക്കിയതായി നെടുമങ്ങാട് പൊലീസ് ഇൻസ്‌പെക്ടർ പി.എസ്. വിനോദ് അറിയിച്ചു. നിരവധി പേരിൽ നിന്ന് പിഴ ഈടാക്കി.
സ്രവ പരിശോധന ഇന്ന്
വിതുര താലൂക്കാശുപത്രി, ആര്യനാട് ഗവ.എൽ.പി.എസ്, പെരിങ്ങമ്മല ഗവ. യു.പി.എസ്, കല്ലറ ശരവണാ ഓഡിറ്റോറിയം, ഭരതന്നൂർ എൽ.പി.എസ് ആൻഡ് ബഡ്‌സ് സ്കൂൾ, ആനാട് പി.എച്ച്.സി, അഴിക്കോട് ഗവ. യു.പി.എസ്, നെല്ലനാട്, വാമനപുരം, പുല്ലമ്പാറ പി.എച്ച്.സി, കന്യാകുളങ്ങര പി.എച്ച്.സി, വെമ്പായം.