തിരുവനന്തപുരം: ഫോർട്ട് താലൂക്ക് ആശുപത്രിയിൽ പുലർച്ചെ മുതൽ ആരംഭിച്ച കൊവിഡ് വാക്സിനേഷൻ ടോക്കൺ വിതരണത്തിൽ തിക്കും തിരക്കും.രണ്ടാം ഡോസ് വാക്‌സിനെടുക്കാനെത്തിയ വൃദ്ധരാണ് സ്പോട്ട് രജിസ്ട്രേഷനിൽ വലഞ്ഞത്.മണിക്കൂറുകൾ കാത്തിരുന്നവർക്ക് വാക്‌സിൻ ഇല്ലെന്ന അറിയിപ്പ് ലഭിച്ചതോടെ ഇവർ ആശുപത്രി അധികൃതരുമായി തർക്കത്തിലായി.ആവശ്യത്തിന് വാക്‌സിൻ ഇല്ലെന്ന വിവരം തങ്ങളെ നേരത്തെ അറിയിച്ചിരുന്നുവെങ്കിൽ വെയിലും മഴയുമേറ്റ് കാത്തിരിക്കേണ്ടിവരില്ലെന്ന് പറഞ്ഞു. വാക്‌സിൻ ലഭ്യമായതിലും അധികം പേർ എത്തിയതാണ് തിരിക്കിനിടയാക്കിയതെന്നും വാക്‌സിൻ ദൗർലഭ്യം നേരത്തെ അറിയിച്ചെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
തർക്കം രൂക്ഷമായതോടെ നിയുക്ത എം.എൽ.എ ആന്റണിരാജു സ്ഥലത്തെത്തി ആശുപത്രി സൂപ്രണ്ടുമായി സംസാരിച്ചു.വരും ദിവസങ്ങളിൽ പ്രശ്നത്തിന് പരിഹാരം കാണാമെന്ന് കാത്തിരുന്നവർക്ക് നിയുക്ത എം.എൽ.എ ഉറപ്പ് നൽകി. എത്രത്തോളം വാക്‌സിൻ കേന്ദ്രങ്ങളിൽ അവശേഷിക്കുന്നുണ്ടെന്ന കൃത്യമായ വിവരം സ്പോട്ട് രജിസ്ട്രേഷനെത്തുന്നവർക്ക് ലഭ്യമാകുന്നില്ലെന്നാണ് വിവരം. ഫോർട്ടിൽ കൊവാക്സിനാണ് വിതരണം ചെയ്യുന്നത്. ഇന്നലെ ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ വാക്സിൻ വിതരണമുണ്ടായിരുന്നില്ല. മൂവായിരത്തോളം പേർക്കാണ് ഇന്നലെ വാക്സിൻ നൽകിയത്.
ജില്ലയിൽ ഇന്ന് 18 സർക്കാർ ആശുപത്രികളിൽ കൊവിഡ് വാക്‌സിനേഷൻ നൽകുന്നതിനുള്ള സജ്ജീകരണം ഒരുക്കിയിട്ടുണ്ട്.ഫോർട്ട് താലൂക്ക് ആശുപത്രിയിലും വലിയതുറ കോസ്റ്റൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിലും കൊവാക്സിനും മറ്റിടങ്ങളിൽ കൊവിഷീൽഡും നൽകും.എല്ലാ സ്ഥാപനങ്ങളിലും 20 ശതമാനം വാക്സിൻ ഓൺലൈൻ രജിസ്‌ട്രേഷൻ വഴിയും ബാക്കി സെക്കൻഡ് ഡോസ് വാക്‌സിനേഷൻ എടുക്കാനുള്ളവർക്ക് സ്‌പോട്ട് രജിസ്‌ട്രേഷൻ വഴിയുമാണ് നൽകുന്നത്.