ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ചെന്നൈയിലെ 'അമ്മ' കാന്റീനിലെ ഫ്ളക്സ് ബോർഡുകൾ തകർത്ത രണ്ട് ഡി.എം.കെ പ്രവർത്തകരെ പാർട്ടി പുറത്താക്കി. ഫ്ളക്സ് ബോർഡുകൾ തകർക്കുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് നടപടി. പ്രവർത്തകർക്കെതിരെ പൊലീസിൽ പരാതി നൽകിയെന്നും ഇവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഡി.എം.കെ നേതാവും ചെന്നൈ മുൻ മേയറുമായ മാ സുബ്രഹ്മണ്യൻ പറഞ്ഞു. ബോർഡുകൾ യഥാസ്ഥാനങ്ങളിൽ തിരികെവച്ചതായും അദ്ദേഹം അറിയിച്ചു.
അന്തരിച്ച അണ്ണാ ഡി.എം.കെ നേതാവും മുൻ മുഖ്യമന്ത്രിയുമായ ജയലളിത തമിഴ്നാട്ടിൽ ഉടനീളം കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുന്നതിന് ആരംഭിച്ചതാണ് 'അമ്മ' കാന്റീനുകൾ. അതത് തദ്ദേശസ്ഥാപനങ്ങൾക്കാണ് നടത്തിപ്പ് ചുമതല.