manoorkkonam

വിതുര: കഴിഞ്ഞ ദിവസം പെയ്ത ശക്തമായമഴയിൽ നെടുമങ്ങാട് - വിതുര റോഡിലെ പ്രധാന ജംഗ്ഷൻ മണിക്കൂറോളം വെള്ളത്തിനിടയിലാകുകയും ഗതഗാഗതതടസം അനുഭവപ്പെടുകയും ചെയ്തു. രണ്ട് മണിക്കൂറോളം ശക്തമായി വേനൽമഴ പെയ്തതോടെ റോഡുകൾ താറുമാറാകുകയും ചിലയിടങ്ങളിൽ റോഡ് തകരുകയും ചെയ്തു. മഴക്കാലമായാൽ നെടുമങ്ങാട് വിതുര റോഡിൽ വെള്ളക്കെട്ടുണ്ടാകുന്നത് പതിവാണ്. മന്നൂർക്കോണം, ഇടനില, തൊളിക്കോട്, തോട്ടുമുക്ക്, പേരയത്തുപാറ, ചേന്നൻപാറ, വിതുര കലുങ്ക്, ശിവൻകോവിൽജംഗ്ഷൻ എന്നീ ജംഗ്ഷനുകളിലാണ് വെള്ളക്കെട്ടുണ്ടാകുന്നത്.

റോഡ് നിർമ്മാണപ്രവർത്തനങ്ങളിലെ അപാകതകളാണ് വെള്ളക്കെട്ടിന് കാരണം. അടുത്തിടെ മലയോരഹൈവേ നിർമ്മാണപ്രവർത്തനങ്ങളുടെ ഭാഗമായി വിതുര മുതൽ തൊളിക്കോട് ഇരുത്തലമൂല വരെ റോഡ് പണി നടന്നെങ്കിലും ഒാടകൾ നിർമ്മിച്ചിട്ടില്ല. മാത്രമല്ല നെടുമങ്ങാട് മുതൽ വിതുര വരെയുള്ള റോഡിന്റെ മിക്ക ഭാഗത്തും ഒാടകളില്ല,

നിലിലുണ്ടായിരുന്ന ഒാടകൾ അടഞ്ഞുകിടക്കുകയാണ്. റോഡ് അരികിലെ വീട് നിർമ്മാണവുമായ ബന്ധപ്പെട്ട് ചിലർ ഒാടകൾ മൂടുകയും ചെയ്തു. ഒാടകൾ അപ്രത്യക്ഷമായതാടെ മഴക്കാലത്ത് ചെളിയും മണ്ണും കല്ലും വെള്ളവും ഒലിച്ചിറങ്ങി റോഡ് വികൃതമായിമാറുകയും തകരുകയും ചെയ്യുന്നുണ്ട്. മാത്രമല്ല അപകടങ്ങളും അരങ്ങേറുന്നുണ്ട്.

ശിവൻകോവിൽ ജംഗ്ഷനിൽ വീടുകളിൽ വെള്ളം കയറി

കനത്ത മഴയെ തുടർന്ന് പൊൻമുടി - തിരുവനന്തപുരം സംസ്ഥാനപാതയിലെ പ്രമുഖ ജംഗ്ഷനായ സിഴനകോവിൽ ജംഗ്ഷനിലും പരിസരത്തുമുള്ള അനവധി വീടുകളിൽ വെള്ളം കയറി നാശനഷ്ടങ്ങളുണ്ടായി. ജംഗ്ഷൻ മണിക്കൂറോളം വെള്ളത്തിനടിയിലാകുകയും ചെയ്തു. കടകളിലും വെള്ളം കയറി. വാഹനഗതാഗതം തടസപ്പെടുകയും ചെയ്തു. മഴക്കാലത്ത് ഇവിടെ വീടുകളിൽ വെള്ളം കയറുകയും ജംഗ്ഷൻ വെള്ളത്തിൽ മുങ്ങുകയും ചെയ്യുക പതിവാണ്. കഴിഞ്ഞ വർഷവും ഇവിടെ വീടുകളിൽ വെള്ളം കയറിയിരുന്നു. അന്ന് പ്രതിഷേധവുമായി നാട്ടുകാർ രംഗത്തിറങ്ങിയപ്പോൾ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് ഉറപ്പ് നൽകിയെങ്കിലും വാഗ്ദാനം കടലാസിലൊതുങ്ങി.

പുളിച്ചാമല - നാഗര റോഡ് തകർന്നു

കനത്ത മഴയെ തുടർന്ന് തൊളിക്കോട് പഞ്ചായത്തിലെ പുളിച്ചാല - നാഗര റോഡ് തകർന്നു. റോഡിന്റെ ഒരു ഭാഗം പൂർണമായും ഇടിഞ്ഞുതാഴ്ന്നു. അടുത്തിടെയാണ് ഇൗ റോഡ് ടാറിംഗ് നടത്തിയത്. റോഡിന്റെ വശം ഇടിഞ്ഞു താഴ്ന്നതോടെ അപകട സാദ്ധ്യത നിലനിൽക്കുന്നുണ്ട്. തൊളിക്കോട് നിന്നും നന്ദിയോട് പാലോട് ഭാഗത്തേക്ക് പോകാനുള്ള പ്രധാന റോഡുകൂടിയാണിത്. മഴയത്ത് വിതുര - തൊളിക്കോട് പഞ്ചായത്തുകളിലെ മിക്ക റോഡുകളും താറുമാറുകയും ചെയ്തു.

കൃഷിനാശം വ്യാപകം

ശക്തമായ മഴയും കാറ്റും വിതുര, തൊളിക്കോട് പഞ്ചായത്തുകളിൽ പതിനായിരക്കണക്കിന് രൂപയുടെ കൃഷിനാശവും വിതച്ചു. വാഴ, പച്ചക്കറി, റബർ കൃഷികൾ വ്യാപകമായി നശിച്ചു. എസ്റ്റേറ്റുകളിലും വിളകളിലുമായി അനവധി റബർമരങ്ങൾ ഒടിഞ്ഞും കടപുഴകിയും വീണു.