ഒരു സമ്മേളനത്തിൽ യാദൃച്ഛികമായാണ് ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനിയെ കണ്ടുമുട്ടിയത്. പത്തനംതിട്ട മലങ്കര കത്തോലിക്ക സഭയുടെ യുവജന സമ്മേളനമായിരുന്നു. വലിയ മെത്രാപ്പൊലീത്തയായിരുന്നു ആദ്യം പ്രസംഗിക്കേണ്ടിയിരുന്നത്. അദ്ദേഹത്തെ പ്രസംഗത്തിനായി ക്ഷണിച്ചപ്പോൾ എന്നോട് പ്രസംഗിക്കാൻ അദ്ദേഹം പറഞ്ഞു. ഞാൻ ഒഴിഞ്ഞുമാറാൻ നോക്കിയെങ്കിലും തിരുമേനി വിട്ടില്ല. ക്രിസ്ത്യൻ സംസ്കാരത്തെക്കുറിച്ച് ഞാൻ പ്രസംഗിച്ചു. ഞാൻ പ്രസംഗിക്കുമ്പോൾ തിരുമേനി ഉറക്കം തൂങ്ങിയതു പോലെയായി. തുടർന്ന് അദ്ദേഹം പ്രസംഗിക്കാൻ തുടങ്ങി. പെരുമ്പടവത്തിന്റെ പ്രസംഗം കേട്ട് ഞാൻ സന്തോഷിച്ചിരിക്കുകയായിരുന്നു. ക്രിസ്ത്യൻ പുരോഹിതനാണ് ഇങ്ങനെ പ്രസംഗിച്ചിരുന്നതെങ്കിൽ എതിർപ്പ് ഉണ്ടാകുമായിരുന്നു. എന്നാൽ പെരുമ്പടവം ആത്മവിശ്വാസത്തോടെ കാര്യങ്ങൾ അവതരിപ്പിച്ചു. എനിക്ക് സന്തോഷമായി. പെരുമ്പടവം പറഞ്ഞതിനപ്പുറം തനിക്കൊന്നും പറയാനില്ലെന്ന് പറഞ്ഞ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചു.
പാരിപ്പള്ളി കൊടിമൂട്ടിൽ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനത്തിൽ ഞാൻ പ്രസംഗിക്കാൻ പോയി. വൈകിയാണ് ഞാൻ ചെന്നത്. എല്ലാ പ്രസംഗകരും അടുത്തുള്ള ഒരു വീട്ടിൽ നേരത്തെ വന്നിരിക്കുകയാണ്. വീട്ടുടമ സ്വകാര്യമായി എന്നോട് പറഞ്ഞു. നിങ്ങളോടൊപ്പം പ്രസംഗിക്കാൻ ഒരു ക്രിസ്‌ത്രീയ പുരോഹിതനുമുണ്ട്. അതിൽ സാറിന് വിഷമം തോന്നരുതെന്ന്. ഞാനെന്തിനാ വിഷമിക്കുന്നതെന്ന് ചോദിച്ചു. അദ്ദേഹത്തിന് പറയാനുള്ളത് പറയട്ടെ, എനിക്ക് പറയാനുള്ളത് ഞാനും പറയും. അദ്ദേഹം അകത്ത് വിശ്രമിക്കുകയാണ് വീട്ടുടമ പറഞ്ഞു. ഞാൻ അകത്ത് കയറി നോക്കിയപ്പോൾ ഒരു കസേരയിൽ കിടക്കുന്നത് വലിയ തിരുമേനിയാണ്. ഞാൻ വിളിച്ചു, 'വലിയ തിരുമേനീ...'
'എവിടെയായിരുന്നു? നേരത്തെ വരണ്ടേ' എന്ന് തിരുമേനി തിരിച്ച് ചോദിച്ചു. താൻ കാത്തിരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 'ഞങ്ങൾ സമ്മേളനവേദിയിലേക്ക് നടന്നു വന്നോളാം, തിരുമേനി കാറിൽ വന്നുകൊള്ളൂ'വെന്ന് പറഞ്ഞ് ഞങ്ങൾ നടന്നു. ഞങ്ങൾ സ്റ്റേജിലെത്തിയിട്ടും തിരുമേനിയെ കാണാനില്ല. അദ്ദേഹത്തെ കാണാത്തതുകൊണ്ട് ഞങ്ങൾ തിരിച്ചു വന്നു. അദ്ദേഹം ക്ഷേത്രത്തിന് മുന്നിൽ നിന്ന് തൊഴുന്നു. ക്രിസ്‌ത്രീയ പുരോഹിതൻ ക്ഷേത്രത്തിൽ തൊഴുന്നു! കൂടെ വന്നവർ വിളിക്കാമെന്ന് പറഞ്ഞപ്പോൾ ഞാൻ വിലക്കി. 'വിളിക്കണ്ട അദ്ദേഹം തൊഴുതിട്ട് വരട്ടെ...' അദ്ദേഹത്തിന് ആ ദൈവമെന്നോ, ഈ ദൈവമെന്നോ ഇല്ലായിരുന്നു. അതാണ് വലിയ തിരുമേനി.
അമൃത്‌സറിൽ അദ്ദേഹം സുവർണക്ഷേത്രം കാണാൻ പോയി. ക്ഷേത്രക്കാർക്ക് മനസിലായി ക്രിസ്ത്യൻ പുരോഹിതനാണെന്ന്. പ്രസാദം തന്നാൽ സ്വീകരിക്കുമോ എന്ന് അവർ ചോദിച്ചു. 'ഞാൻ ഭക്തനാണ്. പ്രസാദം വേണം. ' എന്ന് പറഞ്ഞ് പ്രസാദം വാങ്ങി നെറ്റിയിൽ തൊട്ടു. അതാണ് വലിയ തിരുമേനി. മറ്റ് പുരോഹിതർ കണ്ട് പഠിക്കേണ്ടതാണിത്.
പെരുമ്പടവം കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ സാംസ്കാരിക സമ്മേളനത്തിൽ പ്രസംഗിക്കാൻ ഒരു പ്രധാനിയെ വേണമെന്ന് സംഘാടകർ എന്നോട് പറഞ്ഞു. മറ്റ് മതത്തിൽപ്പെട്ടവരായാൽ കുഴപ്പമുണ്ടോ എന്ന് ഞാൻ ചോദിച്ചു. വലിയ ആളാകണമെന്നായി അവർ. വലിയ ആളിനെ വിളിച്ചു നോക്കട്ടെ എന്നായി ഞാൻ. തിരുമേനിയെ വിളിച്ചു കാര്യം പറഞ്ഞു. കേട്ടതും അദ്ദേഹം പറഞ്ഞു ഞാൻ വരും. അദ്ദേഹം വന്നു. പെരുമ്പടവം ശ്രീധരൻ നന്മ ചെയ്യാത്തയാളാണ്, എന്നിട്ടും ഇന്ന് നന്മ കാണിച്ചു എന്ന് പറഞ്ഞാണ് പ്രസംഗം തുടങ്ങിയത്. വലിയ ജനക്കൂട്ടമായിരുന്നു പെരുമ്പടവത്ത്. ഇത്രയും കൂട്ടം മുമ്പെങ്ങുമുണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ വാക്കുകൾ കേട്ട് ചിരിച്ച് തലതല്ലി. നർമ്മം മാത്രമായിരുന്നില്ല,വിമർശനവും ശുദ്ധീകരണവും നവീകരണവുമുണ്ടായിരുന്നു. വലിപ്പ ചെറുപ്പമില്ലാത്ത മാനവികതയും സാഹോദര്യവും - അതായിരുന്നു മാർ ക്രിസോസ്റ്റം വലിയ തിരുമേനി. ഇതുപോലൊരാളെ മുമ്പ് കണ്ടിട്ടില്ല, ഇനി കാണുകയുമില്ല.