hhh

 മറ്റ് ആശുപത്രികളിൽ വെന്റിലേറ്റർ സംവിധാനമില്ല

തിരുവനന്തപുരം: കൊവി‌ഡ് രോഗികളുടെ എണ്ണം കുതിച്ചുയർന്നതോടെ സാധാരണക്കാരുടെ ആശ്രയമായ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രതിസന്ധി രൂക്ഷമാകുന്നു. ഐ.സി.യു, ഓക്‌സിജൻ കിടക്കകൾ രോഗികളെക്കൊണ്ട് നിറഞ്ഞു. 139 വെന്റിലേറ്ററുകളിൽ അവശേഷിക്കുന്നത് വിരലിലെണ്ണാവുന്നവ മാത്രമാണ്. ഓക്‌സിജൻ, ഐ.സി.യു കിടക്കകളുടെ സ്ഥിതിയും സമാനമാണ്.

അതേസമയം ജനറൽ ആശുപത്രി അടക്കമുള്ള ജില്ലയിലെ മറ്റ് സർക്കാർ ആശുപത്രികളിൽ വെന്റിലേറ്റർ സംവിധാനമില്ലാത്തതാണ് പ്രശ്‌നങ്ങൾ രൂക്ഷമാകാൻ ഇടയാക്കുന്നത്. ഇവിടങ്ങളിൽ ഐ.സിയു, ഓക്‌സിജൻ കിടക്കകളുടെ എണ്ണവും പരിമിതമാണ്. ഒന്നര വർഷമായി ആരോഗ്യപ്രവർ‌ത്തകർ ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ ജില്ലാ ഭരണകൂടത്തിന് നൽകിയെങ്കിലും നടപടിയുണ്ടായില്ല.

കൂടുതൽ കിടക്കകൾ സജ്ജീകരിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശമെങ്കിലും പരമാവധി സ്ഥലവും വാർഡുകളും കൊവിഡ് ചികിത്സയ്‌ക്കായി മാറ്റിക്കഴിഞ്ഞതോടെ ഇനിയെന്ത് ചെയ്യാനാകുമെന്നാണ് അധികൃതരുടെ ചോദ്യം. ഇനിയും ഓക്‌സിജൻ കിടക്കകൾ തയ്യാറാക്കിയാൽ ഓക്‌സിജൻ പമ്പ് ചെയ്യുന്നതിന്റെ ശക്തി കുറയുമെന്ന ആശങ്കയുമുണ്ട്‌. ഇതിനിടെ 50 ഐ.സി.യു കിടക്കകൾ കൂടി കൂട്ടാൻ കളക്ടർ നിർദ്ദേശിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. ഇതോടൊപ്പം സാധാരണ കിടക്കകളെ ഓക്‌സിജൻ കിടക്കകളായി ഉയർത്താനുള്ള തീവ്ര ശ്രമവും ആശുപത്രി അധികൃതർ നടത്തുന്നുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ ഇന്നലെ ആശുപത്രി സന്ദർശിച്ച് ആരോഗ്യ പ്രവർ‌ത്തകരുമായി ചർച്ച നടത്തിയിരുന്നു.

ഓക്‌സിജൻ ഉപയോഗം വർദ്ധിച്ചു

സാധാരണ ഗതിയിൽ മെഡിക്കൽ കോളേജിന് ഒരാഴ്ച വേണ്ടിയിരുന്ന 40,​000 ലിറ്റർ ഓക്‌സിജൻ നിലവിൽ ഒന്നര ദിവസത്തേക്ക് മാത്രമേ തികയുന്നുള്ളൂ. 40,​000 ലിറ്ററാണ് ആശുപത്രിയിലെ കപ്പാസിറ്റി. നിലവിൽ മൂന്ന് തരത്തിലുള്ള വാഹനങ്ങളിലാണ് ഓക്‌സിജനെത്തിക്കുന്നത്. 12,​000, 5,​000 ലിറ്റർ കപ്പാസിറ്റിയുള്ള വാഹനങ്ങളിൽ പെട്രോളിയം എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷനാണ് ഓക്‌സിജൻ എത്തിക്കുന്നത്. സർക്കാരിന്റെ പ്രത്യേക നിർദ്ദേശങ്ങൾ ഇതിനാവശ്യമാണ്.

മുന്നറിയിപ്പ്

സി കാറ്റഗറി അഥവാ ഗുരുതരാവസ്ഥയിലുള്ള 775 പേരിൽ 350ലധികവും ഓക്‌സിജൻ ബെഡിലാണ്. രോഗികളുടെ എണ്ണം ഉയർന്ന് അടിയന്തര സാഹചര്യമുണ്ടാകുകയോ, ഓക്‌സിജൻ വിതരണ ശൃംഖലയിൽ തടസം നേരിടുകയോ ചെയ്‌താൽ ഓക്‌സിജൻ ക്ഷാമം ഗുരുതരമാകും.

ഐ.സി.യു കിടക്കകൾ - 161

ഓക്‌സിജൻ കിടക്കകൾ - 429

നോൺ ഓക്‌സിജൻ കിടക്കകൾ - 267

വെന്റിലേറ്റർ - 138