തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പഴയ ബെവ് ക്യൂ ആപ്പ് പുനഃസ്ഥാപിച്ച് മദ്യവില്പന നടത്താൻ ബിവറേജസ് കോർപ്പറേഷൻ ആലോചിക്കുന്നു. ഇതു സംബന്ധിച്ച ശുപാർശ വൈകാതെ സർക്കാരിന് നൽകും.

ഓൺലൈൻ മദ്യവില്പനയ്ക്കുള്ള നീക്കങ്ങൾ ബെവ്കോ നേരത്തെ തുടങ്ങിയെങ്കിലും സർക്കാർ അനുകൂലിച്ചില്ല. രാഷ്ട്രീയമായി ഉയർന്ന എതിർപ്പ് മറ്റൊരു കാരണമായി. ഇപ്പോൾ തമിഴ്നാട്ടിൽ നിന്ന് വിദേശ മദ്യം വൻതോതിൽ അതിർത്തി കടന്നെത്തുന്നുണ്ട്. കൊവിഡ് സാഹചര്യം മുതലെടുത്ത് സ്പിരിറ്റ് ലോബിയും സജീവമാവുമെന്ന് എക്സൈസ് ഇന്റലിജൻസിന് സൂചനകളുമുണ്ട്. നാട്ടിൽപുറങ്ങളിൽ നിലച്ചുപോയ വാറ്ര് വീണ്ടും സജീവമാവാനും സാദ്ധ്യതയേറെ. കൊവിഡ് കാരണം വിപുലമായ പരിശോധനകൾക്കും റെയ്ഡിനും പരിമിതിയുണ്ട്.

മദ്യം തീർത്തും കിട്ടാനില്ലാത്ത സാഹചര്യത്തിൽ മറ്റു ലഹരിവസ്തുക്കളുടെ ഉപയോഗം ഗണ്യമായി കൂടാനുള്ള സാദ്ധ്യതയും എക്സൈസ് ചൂണ്ടിക്കാട്ടുന്നു. ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ പൊലീസിന് അധിക ജോലിഭാരമാണുള്ളത്.

സർക്കാർ രൂപീകരണത്തിനുള്ള മുന്നൊരുക്കങ്ങളും മന്ത്രിമാരെ നിശ്ചയിക്കുന്നതടക്കമുള്ള ചർച്ചകളും കാരണം പാർട്ടി നേതൃത്വങ്ങൾ തിരക്കിലാണ്. ഇതിനിടെ മദ്യവില്പനയുടെ കാര്യത്തിൽ രാഷ്ട്രീയ തീരുമാനം കൈക്കൊള്ളുമോ എന്ന സംശയം ബെവ്കോയ്ക്കും ഉണ്ട്. മേയ് ഒമ്പതുവരെയുള്ള സ്ഥിതിഗതികൾ വിലയിരുത്തുമ്പോൾ കൊവിഡ് വ്യാപനത്തിന്റെ നിരക്ക് കുറഞ്ഞാൽ സർക്കാർ, മദ്യശാലകളുടെ കാര്യത്തിൽ തീരുമാനത്തിലേക്ക് കടക്കും. അല്ലാത്ത പക്ഷം അടഞ്ഞുകിടക്കാനാണ് സാദ്ധ്യത.

കൊവിഡ് രൂക്ഷമായി തുടങ്ങിയപ്പോഴാണ് നേരത്തെ മദ്യശാലകൾ അടച്ചത്. 2020 മേയ് 28 മുതലാണ് ബെവ്ക്യൂ ആപ്പ് വഴി ടോക്കൺ നൽകി മദ്യ വില്പന പുനരാരംഭിച്ചത്. ബെവ്കോയുടെ 270 ഉം കൺസ്യൂമർഫെഡിന്റെ 30 ഉം ചില്ലറ വില്പനശാലകൾ വഴിയും 570 ഓളം ബാർ ഹോട്ടലുകൾ വഴിയുമായിരുന്നു അന്ന് മദ്യവില്പന തുടങ്ങിയത്. 290 ഓളം ബിയർ-വൈൻ പാർലറുകളും ആപ്പ് വഴി വില്പന നടത്തിയിരുന്നു. ബാറുകളുടെ എണ്ണം ഇപ്പോൾ വീണ്ടും കൂടിയിട്ടുണ്ട്.