photo

ചിറയിൻകീഴ്: ചിറയിൻകീഴ് പുതുക്കരി ബണ്ടിൽ നിക്ഷേപിക്കുന്ന മാലിന്യങ്ങൾ കൊണ്ട് നാട്ടുകാർ പൊറുതിമുട്ടുന്നു. ടി.എസ് കനാലിന് കുറുകെ പുതുക്കരി ഭാഗത്ത് വർഷങ്ങൾക്ക് മുൻപാണ് ബണ്ട് നിർമിച്ചത്. അതോടെ കനാൽ ഇവിടെ രണ്ടായി മുറിയുകയായിരുന്നു. വാമനപുരം നദിയിലൂടെ ഒഴുകിയെത്തുന്ന മാലിന്യങ്ങളുടെ നല്ലൊരു ശതമാനം ഈ ബണ്ടിൽ വന്നടിയുകയാണ്. ചിറയിൻകീഴ് പുളിമൂട്ട് കടവ് പാലത്തിൽ നിന്നും രാത്രി കാലങ്ങളിൽ ആറ്റിലേക്ക് തള്ളുന്ന മാലിന്യങ്ങളും ദിനംപ്രതി വർദ്ധിച്ചുവരികയാണ്.

മാംസാവശിഷ്ടങ്ങളും പ്ലാസ്റ്റിക്കുകളും മറ്രു മാലിന്യങ്ങളും വന്നടിഞ്ഞ് പുതുക്കരി ബണ്ട് പ്രദേശം ദുർഗന്ധ പൂരിതമാണ്. മൂക്കുപൊത്താതെ ഇതുവഴി സഞ്ചരിക്കാനാകില്ല. അത്രയ്‌ക്ക് ദുർഗന്ധമാണ്. ഇവിടെ വന്നടിയുന്ന മാലിന്യങ്ങൾ പറവകൾ കൊത്തി സമീപത്തെ കിണറുകളിലിടുന്ന കാരണം അവിടുത്തെ വെള്ളം ഉപയോഗിക്കാൻ കഴിയില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു. കെട്ടിക്കിടക്കുന്ന ഇവിടുത്തെ വെള്ളം കൊതുകുകളുടെയും മറ്ര് ജലജന്യരോഗങ്ങളുടെയും ഈറ്റില്ലമാണ്. പകർച്ചവ്യാധികൾ പടർന്നുപിടിക്കുമോ എന്ന ആശങ്കയും സമീപവാസികൾക്കുണ്ട്. നൂറുകണക്കിനാളുകളാണ് ബണ്ടിന് ഇരുവശങ്ങളിലുമായി താമസിക്കുന്നത്. മുൻകാലങ്ങളിൽ ചിക്കുൻഗുനിയ അടക്കമുള്ള പകർച്ച വ്യാധികൾ പടർന്നുപിടിച്ചപ്പോഴും ചിറയിൻകീഴ് മേഖലയിൽ ഏറ്റവും കൂടുതൽ ബാധിച്ചത് ഈ മേഖലയെയാണ്. ഇതിന് സമാനമായി ചിറയിൻകീഴ് മേഖലയിൽ കടകം, വടക്കേ അരയതുരുത്തി എന്നിവിടങ്ങളിലും ബണ്ടുകളുണ്ട്. അവിടുത്തെ അവസ്ഥയും ഇതിൽ നിന്നും വിഭിന്നമല്ല. ടി.എസ് കനാലിൽ പലഭാഗത്തും ജലഗതാഗതത്തിന്റെ മുന്നോരുക്കങ്ങളുടെ ഭാഗമായി ശുദ്ധീകരണ പ്രവർത്തനങ്ങൾ നടക്കുമ്പോഴും ഇവിടം വേണ്ട വിധത്തിൽ ശ്രദ്ധിക്കുന്നില്ലെന്ന പരാതിയുണ്ട്. ചിറയിൻകീഴ് മേഖലയിലെ ബണ്ടുകളിൽ പാലങ്ങൾ നിർമിച്ച് വാഹനയാത്ര സുഗമമാക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ഊർജ്ജിതമാക്കുകയും ഈ ബണ്ടുകൾ വന്നത് കാരണം മുറിഞ്ഞുപോയ കനാലിനെ സുഗമമായി ഒഴുകാൻ അനുവദിച്ച് മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പുതുക്കരി ബണ്ടിൽ പാലം നിർമിക്കുന്നതിന് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പരിസ്ഥിതി കമ്മിറ്റി രൂപീകരിച്ചു. മറ്റ് തുടർ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകും.

പി. മുരളി, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

ഫോട്ടോ : പുതുക്കരി ബണ്ട്